ചെന്നൈ: ഐഎസ്എല്ലില്‍ ഇത്തവണത്തെ സീസണില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. തിങ്കളാഴ്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഈ നേട്ടം സ്വന്തമായത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.
എവേ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. 23-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ 48-ാം മിനിറ്റില്‍ വിന്‍സി ബാരെറ്റോയിലൂടെ ചെന്നൈയിന്‍ തിരിച്ചടിക്കുകയായിരുന്നു.
കളിയുടെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഏതാനും മികച്ച അറ്റാക്കിങ് റണ്ണുകളും പുറത്തെടുത്തു. 21-ാം മിനിറ്റില്‍ മികച്ചൊരു ഫ്രീ കിക്കിലൂടെ അഡ്രിയാന്‍ ലൂണ ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനെ പരീക്ഷിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇവാന്‍ കലിയുഷ്‌നി നല്‍കിയ പന്ത് സഹല്‍ ചെന്നൈയിന്‍ പ്രതിരോധത്തിന്റെ പൂട്ട് മറികടന്ന് ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകള്‍ക്കകം ചെന്നൈയിന്റെ സമനില ഗോളെത്തി. 48-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ വിന്‍സി ബാരെറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കിയത്. റഹീ അലിയുടെ ഷോട്ട് പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റിയത് നേരേ വിന്‍സി ബാരെറ്റോയുടെ മുന്നില്‍. ഒട്ടും സമയം കളയാതെ വിന്‍സി പന്ത് വലയിലെത്തിച്ചു.