2022 ഖത്തർ ലോകകപ്പ് നേടിയത് അർജന്റീനയും മെസിയുമായിരിക്കും. പക്ഷേ, ഫുട്ബോൾ ലോകത്ത് കൂടുതൽ ശ്രദ്ധ നേടിയത് കിലിയൻ എംബാപ്പേ എന്ന അത്ഭുത മനുഷ്യനായിരിക്കും. മെസിയെ പിന്തള്ളി ഗോൾഡൻ ബൂട്ട് നേടിയ 23 കാരൻ. ഈ ലോകകപ്പിൽ മാത്രം എട്ട് ഗോളുകളാണ് എംബാപ്പെ നേടിയത്.
ഫൈനലിൽ അർജന്റീനയ്ക്കെതിരെ ആവുന്നതെല്ലാം എംബാപ്പെ ചെയ്തു. പക്ഷേ, ലോകകപ്പിൽ രണ്ടാമതും മുത്തമിടാനുള്ള യോഗം ഫ്രാൻസിനുണ്ടായിരുന്നില്ല. 23 വയസ്സിനുള്ളിൽ ലോക ഫുട്ബോളിൽ എംബാപ്പെ കാണിച്ച അത്ഭുതങ്ങൾ വരാനിരിക്കുന്ന കാലത്തിന്റെ മുന്നറിയിപ്പാണ്. ഇനിയുള്ള കാലം ഈ മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് ആകില്ല.
ഫൈനലിൽ പരാജയപ്പെട്ടതിനു ശേഷം എംബാപ്പേയുടെ പ്രതികരണവും അതു തന്നെയായിരുന്നു. ലോകകപ്പിന് സമീപത്തുകൂടി ഗോൾഡൻ ബൂട്ടുമായി മടങ്ങുന്ന ചിത്രം പങ്കുവെച്ച് ഫ്രഞ്ച് ഭാഷയിൽ എംബാപ്പെ ഇങ്ങനെ കുറിച്ചു, “ഞങ്ങൾ തിരിച്ചുവരും”.
ഫൈനലിൽ ഫ്രാൻസ് നേടിയ മൂന്ന് ഗോളുകളും പിറന്നത് എംബാപ്പെയുടെ കാലുകളിൽ നിന്നാണ്. ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ. 2026ലെ ലോകകപ്പില്‍ മികച്ച ഫോമില്‍ എത്താന്‍ കഴിയുന്ന താരമാണ് എംബാപ്പെയെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.
2002 നു ശേഷം ആദ്യമായാണ് ഗോൾഡൻ ബൂട്ട് നേടുന്നവർ 6 ഗോളിന് മുകളിൽ സ്കോർ ചെയ്യുന്നത്. ജപ്പാനിലും കൊറിയയിലുമായി നടന്ന 2002 ലോകകപ്പിൽ ഗോൾഡൻ ബൂട്ട് ലഭിച്ചത് ബ്രസീൽ താരം റൊണാൾഡോയ്ക്കായിരുന്നു. അന്ന് റൊണാൾഡോ അടിച്ചുകൂട്ടിയതും എട്ട് ഗോളുകളായിരുന്നു.l