ശബരിമല: കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. ദേവസ്വം ബോർഡിന്റെ കണക്കുപ്രകാരം നട തുറന്നദിവസം മുതൽ നവംബർ 30 വരെ 8.74 ലക്ഷം തീർഥാടകരാണ് അയ്യപ്പദർശനത്തിനായി സന്നിധാനത്തേക്ക് എത്തിയത്. നട തുറന്ന ദിവസമൊഴിച്ചാൽ, തുടർന്നുള്ള എല്ലാ ദിവസവും അരലക്ഷത്തിന് മുകളിലാണ് ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം. ഓൺലൈനിലൂടെയും, 13 ഇടങ്ങളിൽ നേരിട്ടും ബുക്കുചെയ്ത് ദർശനത്തിന് എത്തിയ തീർഥാടകരുടെ കണക്കാണിത്.
28-നാണ് കൂടുതൽ തീർഥാടകർ എത്തിയത്. 84,005 പേരാണ് എത്തിയത്. ഈ ദിവസങ്ങളിലെല്ലാം കൂടുതലായും എത്തിയത് ഇതര സംസ്ഥാനത്തുനിന്നുള്ള തീർഥാടകരാണ്. പന്ത്രണ്ടുവിളക്കിന് ശേഷമാണ് മലയാളികളായ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായത്. ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറച്ച് കുട്ടികൾ മാത്രമാണ് എത്തിയത്.
കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പരും അതിൽ രേഖപ്പെടുത്തിയാണ് പോലീസ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെയും എണ്ണവും ഇതോടൊപ്പം വർധിച്ചിട്ടുണ്ട്.
കാത്തിരിപ്പ് മണിക്കൂറുകളോളം
തിരക്ക് വർധിച്ചതോടെ ദർശനത്തിനായി മണിക്കൂറുകളോളം വരി നിൽക്കണം. കഴിഞ്ഞ രണ്ടുദിവസമൊഴികെ ബാക്കി എല്ലാ ദിവസവും തീർഥാടകരുടെ വരി ശരംകുത്തിവരെ നീണ്ടു. തന്ത്രിയുടെ അനുവാദത്തോടെ നട നേരത്തേ തുറന്നാണ് ഒരുപരിധിവരെയെങ്കിലും തിരക്ക് കുറയ്ക്കുന്നത്. പുലർച്ചെ മൂന്നിനാണ് ഇപ്പോൾ നട തുറക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് അടച്ച് വൈകീട്ട് മൂന്നിന് തുറക്കും. ഹരിവരാസനം പാടി രാത്രി 11-നാണ് നടയടയ്‌ക്കുന്നത്. നെയ്യഭിഷേകം, പ്രസാദം തുടങ്ങിയവയ്ക്കും വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ എഴുപതിനായിരത്തിന് മുകളിൽ തീർഥാടകരാണ് വർച്വൽ ക്യൂവിൽ ബുക്കുചെയ്തിട്ടുള്ളത്.വ്യാഴാഴ്ച വൈകുന്നേരവും നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.