Type Here to Get Search Results !

മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള കരടു ബില്ലിന് അംഗീകാരം*



തിരുവനന്തപുരം: വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വര്‍ധിപ്പിക്കാനുമുള്ള പൊതുവില്‍പന നികുതി ഭേദഗതി ബില്ലിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.മദ്യത്തിന്‍റെ പൊതുവില്പന നികുതിയില്‍ നാലു ശതമാനം വര്‍ധനയാണു വരുത്തുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു ഗവര്‍ണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്‍റെ വില ഉയരും. 


നിലവില്‍ 247 ശതമാനമാണു മദ്യത്തിന്‍റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യക്കന്പനികള്‍ക്ക് പ്രതിവര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. 


വില്പന നികുതിയില്‍ നാലു ശതമാനം ഉയര്‍ത്തുന്നതിനൊപ്പം ബിവറേജസ് കോര്‍പറേഷന്‍റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍ എക്സിക്യൂട്ടീവ് ഉത്തരവു മതി. ഇതും മദ്യവില വര്‍ധനയ്ക്കിടയാക്കും. 


അതിനിടെ, മദ്യക്കന്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.വരും ദിവസങ്ങളില്‍ ഇതു വിവാദങ്ങള്‍ക്കും ഇടയാക്കും.

Top Post Ad

Below Post Ad