Type Here to Get Search Results !

മുദ്രപ്പത്രം വേണ്ട,​ ആധാരമെഴുതേണ്ട, ഭൂവുടമയ്‌ക്ക് നേരിട്ട് ഓൺലൈനിൽ ഭൂമി രജിസ്ട്രേഷൻ നടത്താം



തിരുവനന്തപുരം: മുദ്രപ്പത്രവും ആധാരമെഴുത്തുകാരും ഇല്ലാതെ ഭൂവുടമയ്‌ക്ക് നേരിട്ട് ഓൺലൈനിൽ ഭൂമി രജിസ്ട്രേഷൻ നടത്താവുന്ന ലളിതമായ ഫോറം സമ്പ്രദായം (ടെംപ്ലേറ്റ്) വരുന്നു.കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ജനസൗഹൃദ പദ്ധതി ജനുവരി 1ന് നടപ്പാക്കാൻ രജിസ്ട്രേഷൻ ഐ.ജി ഇമ്പശേഖരൻ ശുപാർശ നൽകിയെങ്കിലും വകുപ്പ് മന്ത്രി വി.എൻ.വാസവൻ അനുമതി നൽകിയിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും ഇതു നടപ്പാക്കി. തമിഴ്നാട് കേന്ദ്രനിർദ്ദേശം അവഗണിച്ചു.


ഫോറം സമ്പ്രദായം അപ്രായോഗികമാണെന്നാണ് ആധാരമെഴുത്തുകാരുടെ നിലപാട്. തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നതിന് പുറമെ വലിയ തുക മുടക്കി ഭൂവുടമകൾ സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പിഴവ് പറ്റിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അവർ പറയുന്നു. ഫോറം സമ്പ്രദായത്തിനെതിരെ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷനും ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയനും ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.


വിലയാധാരം ധനനിശ്ചയം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങിയ രീതികൾക്കെല്ലാം പ്രത്യേക ഫോറം ഉണ്ടാവും. അത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ മതി. അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിലൂടെയോ ചെയ്യാം. ഫോറത്തിൽ ഭൂവുടമയുടെയും ഭൂമി വാങ്ങുന്നവരുടെയും ഭൂമിയുടെയും വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തി രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചാൽ മതി. സംസ്ഥാനത്ത് ഇതിന്റെ അന്തിമ രൂപമായിട്ടില്ല.


ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ രജിസ്ട്രേഷനുകൾക്ക് വസ്തുവിന്റെ കൂടുതൽ വിവരണങ്ങൾ വേണ്ടിവരും. ഫോറം സംവിധാനത്തിൽ ഇതിന് സൗകര്യമില്ലെന്നാണ് ആരോപണം. വസ്തുക്കളുടെ അതിർത്തി നിർണയത്തിൽ വഴികളുടെയും മറ്റും വിവരണം പ്രധാനമാണെങ്കിലും അതിനുള്ള സൗകര്യം ഇല്ലത്രേ. സ്റ്റാമ്പ് ഡ്യൂട്ടിക്കു പുറമെ കൈമാറ്റത്തുകയുടെ രണ്ടു ശതമാനമാണ് രജിസ്ട്രേഷൻ ഫീസ്. മുൻ പ്രമാണങ്ങളുടെ പരിശോധനയും വേണ്ടവിധം നടക്കില്ലത്രെ.


സംസ്ഥാനത്ത് 11,000 ആധാരമെഴുത്ത് ലൈസൻസികളും 40,000 സഹായികളുമുണ്ട്. മുദ്രപ്പത്രങ്ങൾ ഇല്ലാതാവുന്നതോടെ അവ വിൽക്കുന്ന വെണ്ടർമാരും ഒഴിവാകും. 1200 വെണ്ടർമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടു ശതമാനമാണ് കമ്മീഷൻ. എല്ലാം ഓൺലൈനിലാവുന്ന കാലത്ത് ഒന്നും വിഷമമാവില്ല എന്നാണ് മറുവാദം. ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നേടിയാൽ പുതിയ ഫോറം സേവനം നൽകാവുന്നതേയുള്ളൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad