Type Here to Get Search Results !

സ്ക്രീനില്‍ വീണ്ടും അത്ഭുതം കാട്ടിയോ ജെയിംസ് കാമറൂണ്‍? 'അവതാര്‍ 2' ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍



ആ​ഗോള സിനിമാപ്രേമികള്‍ സമീപവര്‍ഷങ്ങളില്‍ മറ്റൊരു ചിത്രത്തിനും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല, ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 പോലെ. മുന്‍പ് ടൈറ്റാനിക് എന്ന വിസ്മയവും പ്രേക്ഷകര്‍ക്ക് നല്‍കിയ ജെയിംസ് കാമറൂണിന്‍റെ അവതാര്‍ ആദ്യ ഭാ​ഗമാണ് ലോക സിനിമാ ചരിത്രത്തില്‍ ഇന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം. ഇതിന്‍റെ സീക്വല്‍ എന്നതാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഭാ​ഗത്തെ ഹോളിവുഡിനെ സംബന്ധിച്ച് ഇത്രയും പ്രിയപ്പെട്ടതാക്കുന്നത്. ലോകമെമ്പാടും വന്‍ സ്ക്രീന്‍ കൗണ്ട് ആണ് ചിത്രത്തിന്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നു. ആയതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഉയര്‍ന്ന സമയ ദൈര്‍ഘ്യം ക്ഷമിക്കത്തക്കതാണെന്നും. പ്രേക്ഷകരില്‍ പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിം​ഗ് നല്‍കിയിട്ടുണ്ട്. 2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ദൃശ്യപരമായി അതി​ഗംഭീരമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്‍റെ ആദ്യ പകുതിയെക്കുറിച്ച് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവം എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ചിത്രത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്. അവതാര്‍ 2 ലേതുപോലെയുള്ള അണ്ടര്‍ വാട്ടര്‍ രം​ഗങ്ങള്‍ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും വിഎഫ്എക്സും 3 ഡി എഫക്റ്റ്സും ​ഗംഭീരമാണെന്നും ശ്രീധര്‍ പിള്ള കുറിച്ചു. സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ചിത്രം ശ്രദ്ധേയമാണെന്നും.   ചിത്രത്തിന്‍റെ മുംബൈയില്‍ ഇന്നലെ നടന്ന ഇന്ത്യന്‍ പ്രിവ്യൂവിന് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ​ഗംഭീര ചിത്രമെന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കേരളത്തിലും മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് അവതാര്‍ 2 പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ അവതാര്‍ 2 റിലീസ് ദിനത്തില്‍ തന്നെ കേരളത്തില്‍ ഐമാക്സിലും കാണാനാവുമെന്ന പ്രേക്ഷകരുടെ മോഹം നടന്നില്ല. തിരുവനന്തപുരം ലുലു മാളില്‍ ആരംഭിക്കുന്ന ഐമാക്സ് തിയറ്ററില്‍ അവതാര്‍ 2 റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുക്കും.

Top Post Ad

Below Post Ad