ദില്ലി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. 42 ജില്ലകളിലായി ഇതുവരെ പിന്നിട്ടത് 2798 കിലോമീറ്റർ. ഭാരത് ജോഡോ യാത്ര 100 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷമായി കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഡിപി 'യാത്രയുടെ 100 ദിനങ്ങൾ' എന്നാക്കി. യാത്ര ഇപ്പോൾ രാജസ്ഥാനിലാണ്. മീണ ഹൈക്കോടതിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാവിലെ 11 മണിക്ക് ഗിരിരാജ് ധരൻ ക്ഷേത്രത്തിൽ അവസാനിപ്പിക്കും. ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ വൈകിട്ട് നാലിന് നടക്കുന്ന വാർത്താ സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി തത്സമയ സംഗീത പരിപാടിയിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജയ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആൽബർട്ട് ഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാനിൽ 12ാം ദിവസമാണ് യാത്ര പിന്നിടുന്നത്. 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ യാത്രക്ക് ശേഷമാണ് രാജസ്ഥാനിൽ എത്തിയത്. ഡിസംബർ 21 ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും. 2024 ൽ രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിൻ്റെ മുഖമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി പദം ലക്ഷ്യം വച്ച അല്ല രാഹുലിൻ്റെ യാത്ര. ബിജെപി രാഷ്ട്രീയത്തിൻ്റെ ബദലാകും യാത്ര സമ്മാനിക്കുക. സംഘടന തലത്തിൽ വലിയ ഉണർവ് യാത്ര സമ്മാനിച്ചു. യാത്രയെ പരിഹസിച്ച ബിജെപി ഭയപ്പാടിലായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കം നിരവധി പ്രമുഖർ യാത്രയിൽ പങ്കെടുത്തിരുന്നു.
നൂറാം ദിനം പിന്നിട്ട് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; ബിജെപി ഭയപ്പെട്ടെന്ന് കോൺഗ്രസ്
December 15, 2022
0
Tags