Type Here to Get Search Results !

2022 ലെ തീരാനഷ്ടങ്ങൾ; മലയാള സിനിമയിൽമലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടങ്ങള്‍ നല്‍കിയ വർഷം കൂടിയാണ് 2022. കെപിഎസി ലളിത മുതൽ കൊച്ചുപ്രേമൻ വരെ.. പ്രേക്ഷകര്‍ സ്വന്തം ഹൃദയത്തിലേറ്റിയ, അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ അതുല്യ പ്രതിഭകളാണ് ഈ വർഷം നമ്മെവിട്ടു പിരിഞ്ഞത്.

2022 ഫെബ്രുവരി 17, പ്രേക്ഷകരുടെ മനസ്സിൽ സ്വതസിദ്ധമായ ശൈലി കൊണ്ട് ഇടം കണ്ടെത്തിയ നടൻ കോട്ടയം പ്രദീപ് വിടപറഞ്ഞു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയറിൽ തുടക്കം. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു

2022 ഫെബ്രുവരി 22, അനായാസ അഭിനയംകൊണ്ട് അരനൂറ്റാണ്ട് മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത വിടപറഞ്ഞ ദിവസം. അഞ്ഞൂറിലേറെ സിനിമകളില്‍ ശ്രദ്ധേയ വേഷം. അമ്മയായും ചേച്ചിയായും സഹോദരിയായുമെല്ലാം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ മഹാനടി.

2022 ഏപ്രിൽ 3, പ്രശസ്ത നാടക ചലച്ചിത്ര നടനായിരുന്ന കൈനകരി തങ്കരാജ് വിടപറഞ്ഞു. ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് കലാരംഗത്ത് സജീവമായി. പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ സിനിമ. നടന്‍ തിലകനുമായി ചേര്‍ന്ന് ‘അമ്പലപ്പുഴ അക്ഷരജ്വാല’ എന്നൊരു ട്രൂപ്പ് തുടങ്ങി.

2022 ഏപ്രില്‍ 23, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വിടപറഞ്ഞു. നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവായിരുന്നു. പി എന്‍ മേനോനും കെ എസ് സേതുമാധവനും മുതല്‍ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമായി.

2022 മെയ് 28, പ്രശസ്ത മലയാള ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്ന ഇടവ ബഷീര്‍ അന്തരിച്ചു. യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളിലൂടെ ഗാനമേള വേദികളിലെ സൂപ്പര്‍താരമാകാന്‍ ഇടവ ബഷീറിനായി.

2022 ജൂണ്‍ 12, പ്രശസ്ത സിനിമാ, നാടക നടന്‍ ആയിരുന്ന ഡി ഫിലിപ്പ് വിടപറഞ്ഞു. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചു.

2022 ജൂണ്‍24, പ്രശസ്ത നാടക, സീരിയല്‍ നടന്‍ വി.പി ഖാലിദ് വിടവാങ്ങി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കൾ.

2022 ജൂലൈ 15, സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്ന പ്രതാപ് പോത്തന്‍ വിടവാങ്ങിയ ദിനം. ഭരതന്റെ ആരവത്തിലൂടെ വന്ന് ഭരതന്റെ തന്നെ തകരയിലൂടെ ചുവടുറപ്പിച്ച അദ്ദേഹം മികച്ച നടനെന്ന നിലയില്‍ ശോഭിച്ചു. 1987ലെ ഋതുഭേദം, 1988-ല്‍ റിലീസായ ഡെയ്‌സി, മോഹന്‍ലാലും ശിവാജി ഗണേശനും ഒന്നിച്ച ഒരു യാത്രാമൊഴി (1997) എന്നിവയാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത മലയാള സിനിമകള്‍.

2022 ആഗസ്റ്റ് 16, പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ ആയിരുന്നു നെടുമ്പ്രം ഗോപി വിടചൊല്ലി. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടു. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ലഭിച്ചു.

2022 ഡിസംബര്‍ 3, മലയാള സിനിമ പ്രേക്ഷകർക്ക് ചിരിമരുന്നൊരുക്കിയ അതുല്യ നടൻ കെ എസ് പ്രേംകുമാര്‍ എന്ന കൊച്ചുപ്രേമന്‍ വിടപറഞ്ഞു. 1996ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ സജീവമായി. അഭിനയിച്ച പ്രധാന സിനിമകളിൽ ചിലത്: ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad