ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി അതിവേഗം വളരുന്ന കാലമാണിത്. ജ്വലന ഇന്ധനച്ചിലവാകട്ടെ റോക്കറ്റ് പോലെ കുതിക്കുകയും ചെയ്യുന്നു. നിലവിൽ വാഹനം ഉള്ളവരും പുതുതായി വാഹനം എടുക്കുന്നവരും ഇലക്ട്രികിലേക്ക് മാറിയാലോ എന്ന് ആലോചിക്കുന്ന കാലമാണിത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടത് പരിശോധിക്കാം.
തിരഞ്ഞെടുക്കേണ്ടത് അനുയോജ്യ വാഹനം
ഏതൊരു വാഹനം തിരഞ്ഞെടുക്കുമ്പോഴും അത് നമ്മുക്ക് എത്രമാത്രം യോജിച്ചതാണ് എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. വല്ലപ്പോഴും ദീർഘദൂര യാത്രകൾ പോകുന്നവർക്ക് പറ്റിയ വാഹനങ്ങളല്ല ഇ.വികൾ. ദിവസവും കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവരാണ് ഇ.വി വാങ്ങേണ്ടത്. പിന്നെ വരുന്നത് വലുപ്പമാണ്. ഇന്ന് മിക്ക ആളുകള്‍ക്കും സെഡാനുകളേക്കാളും ഹാച്ച്ബാക്കുകളേക്കാളും എസ്.യു.വികളോടാണ് കമ്പം.
എസ്.യു.വികള്‍ക്ക് കോംപാക്റ്റ് സെഡാനുകളേക്കാളും ഹാച്ച്ബാക്കുകളേക്കാളും ഉയര്‍ന്ന വിലയുണ്ട്. ക്രോസ്ഓവറുകളും അങ്ങിനെതന്നെ. നിലവിൽ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നത് ഇലക്ട്രിക് ഹാച്ച്ബാക്കുകളാണ്. അതിന് ശേഷം കോംപാക്ട് സെഡാനുകള്‍ വരുന്നു. എസ്.യു.വികൾ പിന്നെയേവരൂ. ഒരാൾക്ക് സഞ്ചരിക്കാനാണെങ്കിൽ വലിയ എസ്.യു.വികൾ വാങ്ങേണ്ടതില്ല. ചെറുകാർ മതിയാകും.
പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതല്‍ ആകുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. പണം കുറച്ച് അധികമായാലും അതിനെല്ലാം മികച്ച റേഞ്ചുണ്ടെന്നത് ഒരു മെച്ചമാണ്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വിലകുറഞ്ഞ ഇ.വി കാറുകളും വിപണിയിൽ എത്തിയിട്ടുണ്ട്.മലബാർ ലൈവ്.താൽപ്പര്യമുള്ളവർക്ക് അതും പരീക്ഷിക്കാവുന്നതാണ്.
റേഞ്ച് മുഖ്യം
രണ്ടാമതായി പരിഗണിക്കേണ്ട കാര്യം വാഹനത്തിന്റെ ഡ്രൈവിങ് റേഞ്ച് ആണ്. ദിവസേനയുള്ള നഗര യാത്രകള്‍ക്കും നഗരത്തിനുള്ളിലുള്ള യാത്രകള്‍ക്കും ഉപയോഗിക്കാനാണ് ഇ.വി നോക്കുന്നതെങ്കില്‍ അവര്‍ക്ക് ഡ്രൈവിങ് റേഞ്ച് കുറവുള്ള ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കാം. കാരണം, അവര്‍ക്ക് സ്വന്തം വീട്ടില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഉപഭോക്താവ് ഉയര്‍ന്ന റേഞ്ചുള്ള വാഹനം പരിഗണിക്കണം. സാധാരണയായി ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനങ്ങള്‍ക്ക് വില കൂടുതലാണ്.
നിർമാതാക്കൾ അവകാശപ്പെടുന്ന റേഞ്ച് ഒരു ഇ.വിക്കും ലഭിക്കില്ല എന്നത് എപ്പോഴും ഓർത്തിരിക്കണം. സർട്ടിഫൈഡ് റേഞ്ചിന്റെ 70-80 ശതമാനമാണ് പൊതുനിരത്തുകളിൽ നമ്മുക്ക് ലഭിക്കുക. വേഗതയും ലോഡും കൂടുന്തോറും ചിലപ്പോൾ റേഞ്ച് 50 ശതമാനത്തിനും താഴെപ്പോകാനും സാധ്യതയുണ്ട്.
ചാര്‍ജിങ് ശൃംഖല
പണ്ട് വാഹനം വാങ്ങുമ്പോൾ നാം സർവ്വീസ് സെന്റർ എവിടെയുണ്ടെന്നായിരുന്നു നോക്കിയിരുന്നത്. എന്നാൽ ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ചാര്‍ജിങ് ശൃംഖല. ഉപഭോക്താവിന്റെ വീടിന് സമീപം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടോ ഇല്ലയോ അതോ തന്റെ തന്നെ വീട്ടില്‍ ചാര്‍ജിങ് സൗകര്യം ഉണ്ടോ എന്ന്‌നോക്കണം. ദീര്‍ഘനേരം വണ്ടി എവിടെയാണോ പാര്‍ക്ക് ചെയ്യുന്നത് അവിടെ വാഹനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്.
നമ്മുക്ക് സമീപമുള്ള ചാർജിങ് സ്റ്റേഷനുകള്‍ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതായാൽ വളരെ നല്ലതാണ്. അല്ലാത്തപക്ഷം ബാറ്ററി ചാര്‍ജാകുന്നതുവരെ ആ വ്യക്തിക്ക് സ്റ്റേഷനുകളില്‍ ധാരാളം സമയം ചെലവഴിക്കേണ്ടിവരും. ഇ.വി സ്കൂട്ടറുകൾ വാങ്ങുമ്പോൾ സ്വാപ് ചെയ്യാവുന്ന ബാറ്ററിക്ക് പ്രാധാന്യം കൊടുക്കുന്നതും നല്ലതാണ്. രണ്ട് ബാറ്ററി ഉണ്ടെങ്കിൽ മാറിമാറി ഉപയോഗിക്കാവുന്നതാണ്.
വില കൂടിയാൽ ലാഭം കുറവ്
ചില ആള്‍ക്കാര്‍ മേല്‍പ്പറഞ്ഞതിൽ നിന്നെല്ലാം വ്യത്യസ്തമായി ആദ്യം പരിഗണിക്കുക ഒരുപക്ഷേ വിലയായിരിക്കും. ഇ.വി വാങ്ങുമ്പോൾ വില വളരെ പ്രധാനമാണ്. ഒരുപാട് ലക്ഷങ്ങൾ മുടക്കി ഇ.വി വാങ്ങിയാൽ അത് ലാഭകരമാവില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാര്‍ ടാറ്റ ടിയാഗോ ഇ.വിയാണ്. അടുത്തിടെയാണ് വാഹനം ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയത്. 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.
സിറ്റി യാത്രകള്‍ക്ക് അനുയോജ്യമാണ് ഇത്തരം ചെറുവാഹനങ്ങൾ. ഒരാള്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിരവധി ചോയ്സുകൾ അവർക്കുണ്ട്. ടാറ്റയുടെ നെക്സോണ്‍ ഇവി മാക്സ് പോലെയുള്ള മോഡലുകള്‍ ഇന്ത്യയിൽ ഏറെ ജനപ്രിയമാണ്. 18.34 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന്റെ വില. ഒരാള്‍ക്ക് നല്ല റേഞ്ചുള്ള കാര്‍ വേണം എന്നാണെങ്കില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. അവർക്ക് ഇസഡ് എസ് ഇ.വി, ഹ്യുണ്ടായ് കോന, കിയ ഇ.വി 6 എന്നിവയുണ്ട്. ഇതിനും മുകളിൽ ചിന്തിക്കുന്നവർക്ക് ബെൻസ്, ഓഡി, ബി.എം.ഡബ്ല്യു എന്നിവയുടെ വാഹനങ്ങൾ തിരഞ്ഞെടുക്കാം