Type Here to Get Search Results !

160 കി.മീ വേഗത: വളവിലും കുതിക്കും ടിൽടിംഗ് ട്രെയിൻ



തിരുവനന്തപുരം: വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ വരുന്നതോടെ, കേരളത്തിലെ വളവുള്ള ട്രാക്കുകളിലും 160 കിലോമീറ്റർ വേഗത്തിൽ യാത്ര സാദ്ധ്യമാവും. വന്ദേഭാരത് ട്രെയിനുകളിലാണ് ആദ്യം. ഇക്കൊല്ലം തന്നെ കേരളത്തിന് വന്ദേഭാരത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. പുതുതായി നിർമ്മിക്കുന്ന 400 വന്ദേഭാരത് ട്രെയിനുകളിൽ നൂറെണ്ണം ടിൽട്ടിംഗ് ആയിരിക്കും. ഘട്ടംഘട്ടമായി മറ്റ് ട്രെയിനുകളിലും വരുന്നതോടെ, ട്രെയിൻ യാത്രയ്ക്ക് വേഗമേറും.


55-60കിലോ മീറ്ററാണ് കേരളത്തിലെ ശരാശരി ട്രെയിൻ വേഗം. വേഗം കൂടാത്തത് വളവുകളും കയറ്റങ്ങളുമുള്ള പാത കാരണമാണ്. വളവുകളിൽ 20 കിലോമീറ്ററാണ് വേഗത. തിരുവനന്തപുരം-കാസർകോട് പാതയിൽ 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. പാതയുടെ 36 ശതമാനവും വളവുകളാണ്. നഗര മദ്ധ്യത്തിലാണ് വളവുകളേറെയും. വളവുകൾ നിവർത്താൻ 25000 കോടി ചെലവും പത്തു വർഷം സമയവുമെടുക്കും. നിലവിലെ റെയിൽപാതയുടെ അലൈൻമെന്റും മാറും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളും നിരവധി ചെറു സ്റ്റേഷനുകളും മാറണം. വൻതോതിൽ ഭൂമിയേറ്റെടുക്കണം. എന്നാൽ, ടിൽട്ടിംഗ് ട്രെയിനോടിച്ചാൽ വളവുകളിൽ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി വേഗമാവും. സാധാരണ ട്രാക്കുകളിലും ഇവ ഓടുമെന്നതിനാൽ ട്രാക്കും പുതുക്കേണ്ട.


ചെന്നൈയിലെ ഇന്റഗ്രൽകോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാവുന്നതിൽ 16 പാസഞ്ചർ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നൽകും. തിരുവനന്തപുരത്തു നിന്ന് ബംഗളുരു, ചെന്നൈ, മംഗളുരു സർവീസുകളാണ് പരിഗണനയിൽ. ഓഗസ്റ്റിനകം 75 ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര പദ്ധതി.


കോച്ചുകളുടെ അടിഭാഗത്തുള്ള പ്രത്യേക ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചാണ് വളവുകളിൽ വേഗം കുറയ്ക്കാതെ ട്രെയിൻ ഓടുന്നത്. ബൈക്ക് യാത്രികർ വളവിൽ ചരിയും പോലെയാണിത്. ഇതാനായി ഹൈഡ്രോളിക് ടിൽറ്റിംഗ് ബോഗികളുണ്ടാക്കണം. വളവിൽ വേഗം കുറയ്ക്കേണ്ടാത്തതിനാൽ 30% സമയ ലാഭം. യൂറോപ്പിലെ ഫിയറ്റിന്റെ ടിൽട്ടിംഗ് ട്രെയിനുകൾ 200കി.മി വേഗത്തിൽ ചരിഞ്ഞോടുന്നു. വിദേശ സഹകരണത്തോടെയാണ് ഇന്ത്യയിൽ ടിൽട്ടിംഗ് ട്രെയിൻ നിർമ്മിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad