നിയമനങ്ങളിൽ മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ച കണക്ക് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് പിഎസ്സി വഴി നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണമെന്ന് സതീശൻ സഭയെ അറിയിച്ചു. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പക്ഷേ ഇക്കാലയളവിൽ കേരളത്തിൽ മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നു. സംസ്ഥാനത്ത് നിയമനങ്ങൾക്കായി ഒരു സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവർത്തിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് സഭയിൽ ഉയർത്തി.
'തിരുവനന്തപുരം കോർപ്പറേഷനിൽ, പിൻവാതിൽ നിയമനങ്ങളെ കുറിച്ച് വ്യക്തത നൽകുന്ന കത്ത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല പുറത്ത് വിട്ടത്. സിപിഎം പാർട്ടിക്കുള്ളിൽ അധികാര തർക്കവും വീതംവയ്പ്പും വന്നപ്പോഴാണ് പാർട്ടി ഗ്രൂപ്പുകളിലൂടെ കത്ത് പുറത്ത് വന്നത്. കോർപ്പറേഷൻ നിയമന കത്ത് വ്യാജമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുന്നതിനിടെ മേയർ കത്ത് എഴുതിയില്ലെന്ന് സഭയിൽ മന്ത്രി പറഞ്ഞത് എന്ത് അധികാരികതയുടെ അടിസ്ഥാനത്തിലാണ് ? പ്രധാനപ്പെട്ട നേതാക്കളുടെ ഭാര്യമാർക്ക് നിയമനം കിട്ടിയത് എല്ലാവർക്കും അറിയാം. പിൻവാതിൽ നിയമനം ലഭിച്ചവരുടെ ലിസ്റ്റുണ്ട്'. പക്ഷേ ഞങ്ങൾ പേരെടുത്ത് പറയുന്നില്ല. നിയമനം ലഭിച്ചവരുടെ പേർ ഞങ്ങൾ ഉന്നയിക്കുന്നില്ലെന്നും വിഡി സതീശൻ സഭയെ അറിയിച്ചു.
പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേയാണ് മന്ത്രി എംബി രാജേഷ് നിയമന കണക്കുകൾ നിരത്തിയത്. ഒന്നാം പിണറായി സർക്കാർ കാലയളവ് മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തിയെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടുവെന്നും സ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സതീശൻ കണക്കുകൾ തെറ്റാണെന്ന ആരോപണം ഉയർത്തിയത്.