Type Here to Get Search Results !

ആർ.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്

ആർ.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി.



റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന് നൽകിയ അനുമതിയാണ് നിഷേധിച്ചത്. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു.


റാലിക്ക് അനുമതി നൽകാൻ നേരത്തെ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസിന്റെ വക്കീൽ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്.

ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്റെ സെപ്തംബർ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേർക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകൾ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആർ.എസ്.എസ് അഭിഭാഷകൻ ബി രാബു മനോഹർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആർഎസ്എസ് പരിപാടികൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദേശം നൽകിയ സിംഗിൾ ജഡ്ജിയുടെ സെപ്തംബർ 22ലെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് തോൽ തിരുമാവളവൻ സമർപ്പിച്ച ഹരജികളിൽ അടിയന്തര വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷകന്റെ ആവശ്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയും ജസ്റ്റിസ് ഡി കൃഷ്ണകുമാറും അടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചു.

സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹരജിയോ അപ്പീലോ സമർപ്പിക്കാനാവില്ലെന്നും ഹരജിക്കാരന് സുപ്രിംകോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും ജഡ്ജിമാർ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad