Type Here to Get Search Results !

Kerala Rain : ന്യുനമര്‍ദ്ദവും മണ്‍സൂണ്‍ പാത്തിയും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ, മുന്നറിയിപ്പ്



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം ദുര്‍ബലമായി ന്യുനമര്‍ദ്ദമായി തീര്‍ന്നു. എന്നാല്‍, വടക്കു കിഴക്കന്‍ വിദര്‍ഭക്കും സമീപ പ്രദേശത്തിനും മുകളില്‍ മറ്റൊരു ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ജൂലൈ 18 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.


വിവിധ ദിവസങ്ങളിലെ യെല്ലോ അലേര്‍ട്ടുകള്‍


18-07-2022: കണ്ണൂര്‍, കാസറഗോഡ്

19-07-2022: മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്

20-07-2022: പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്

21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

22-07-2022: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം


എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം


കേരള -ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ ഇന്ന് (18-07-2022) മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍


18-07-2022 : കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.


ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം


കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ)18-07-2022 ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.


1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad