Type Here to Get Search Results !

സായാഹ്ന വാർത്തകൾ◼️നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉല്‍പന്നങ്ങളുടെ വില വര്‍ധനയില്‍ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചുവെന്നും ലക്ഷ്വറി ഇനങ്ങള്‍ക്കുള്ള നികുതി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.


◼️മരടിലെ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തല്‍. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.


◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നും അടൂര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.◼️അഴിമതിക്കാരായ ഉദ്യോസ്ഥരുടെ ഡാറ്റാ ബേസ് തയാറാക്കി പൂട്ടിടാന്‍ നിര്‍ദേശം നല്‍കി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ സര്‍ക്കുലര്‍. അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുര്‍ന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. അഴിമതിക്കാരെ കെണിയില്‍ കുടുക്കി കൈയോടെ പിടിക്കുന്ന ട്രാപ്പ് കേസുകള്‍ കൂട്ടാനും നിര്‍ദേശമുണ്ട്.


◼️മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാന്‍ വിദേശ പൗരന്‍ കൈക്കൂലി നല്‍കിയെന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് പുറത്ത്. കേരള പൊലീസിന് ഇന്റര്‍പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരന്‍ പിന്നീട് ഓസ്ട്രേലിയയില്‍ കൊലക്കേസിലും പ്രതിയായിരുന്നു.


◼️വടകര എം എല്‍ എ കെ.കെ .രമക്കെതിരെ എം എം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭ രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കണം. ഇത് കൗരവ സഭ അല്ലെന്നും അങ്ങനെ ആക്കരുതെന്നും ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.◼️വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്.


◼️വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


◼️വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാന്‍ പ്രേരിപ്പിക്കുന്ന, ശബരീനാഥിന്റേതെന്ന പേരില്‍ പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റാണ് ചോദ്യം ചെയ്യലിന് ആധാരം. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.


◼️സഹകരണ സംഘങ്ങളില്‍ നിക്ഷേപം കുന്നുകൂടുന്നത് കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ഇക്കാരണത്താല്‍ നിക്ഷേപം എടുക്കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത്തരം ഫണ്ട് ഉപയോഗിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യും. ഇത്തരം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ സഭയില്‍ വ്യക്തമാക്കി.


◼️ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. എല്ലാ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.


◼️ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന. ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.


◼️മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. സംസ്ഥാന സെക്രട്ടറി,പ്രവര്‍ത്തകസമിതി അംഗം എന്നിവയടക്കം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് ഹംസയെ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനല്ല, യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.


◼️നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം തയ്യാറായി. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങള്‍ ശരത് മുഖേന ദീലിപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് കുറ്റപത്രം ആവര്‍ത്തിക്കുന്നത്.


◼️അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനില്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും സാക്ഷി വ്യക്തമാക്കി. നേരത്തെ 10 ഉം 11 ഉം സാക്ഷികള്‍ കൂറുമാറിയിരുന്നു.


◼️എച്ച്.ആര്‍.ഡി.എസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍. തനിക്കെതിരെ പുതിയ കേസുകള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ടെന്നും അജികൃഷ്ണന്‍ പറഞ്ഞു. സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്.ആര്‍.ഡി.എസിന്റെ ഭാഗമാണെന്നും പേ റോളില്‍ നിന്നും മാത്രമാണ് അവരെ നീക്കിയതെന്നും അജി കൃഷ്ണന്‍ വ്യക്തമാക്കി.


◼️ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചു പോയി. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമായത്. എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് സത്രം എയര്‍ സ്ട്രിപ്പിലെ വന്‍ മണ്ണിടിച്ചിലിന് കാരണമായത്.


◼️നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികള്‍ ആയ മൂന്ന് പേര്‍ പിടിയില്‍. വൈദ്യനെ മൈസൂരുവില്‍ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മല്‍, ഷബീബ് റഹ്‌മാന്‍, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. അബുദാബിയില്‍ നടന്ന രണ്ട് കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.


◼️കേരളത്തിലെ രണ്ടായിരം ഹൈസ്‌കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ വഴി ഒന്‍പതിനായിരം റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ജില്ലാ ക്യാമ്പ് സന്ദര്‍ശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റില്‍ കൈറ്റ്സ് ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുന്നു മന്ത്രി.


◼️ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് നല്‍കിയിതെന്നും 3.14 കോടി രൂപ താന്‍ കൈപ്പറ്റിയെന്ന നിര്‍മ്മാതാവിന്റെ ആരോപണം വ്യാജമാണെന്നും നടന്‍ ബാബുരാജ്. ബാബുരാജ് നായകനായ കൂദാശ എന്ന സിനിമയുടെ നിര്‍മ്മാതാവ് തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് ബാബുരാജിനും ഭാര്യയും നടിയുമായ വാണിവിശ്വനാഥിനുമെതിരെയും വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു.


◼️ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന ഇന്ന് മുതല്‍. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ടിക്കറ്റ് വില.


◼️വനിതാ സംരംഭകരെ പിന്തുണക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വെര്‍ച്വല്‍ ആക്സിലറേഷന്‍ പ്രോഗ്രാം 'വീ സ്പാര്‍ക്' സംഘടിപ്പിക്കുന്നു. മിനിമം മൂല്യമുള്ള സാങ്കേതിക ഉല്‍പന്നങ്ങളെ നിക്ഷേപക സാധ്യതയുള്ള ഉല്‍പന്നങ്ങളാക്കി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.


◼️സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ജൂണ്‍ 15 നാണ് പരീക്ഷകള്‍ അവസാനിച്ചത്. സാധാരണ നിലയില്‍ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


◼️മധ്യപ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നര്‍മ്മദ നദിയില്‍ പതിച്ചത്. ബസില്‍ 50 ലേറെ പേര്‍ ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.


◼️അഗ്നിപഥ് , വാക്കുകള്‍ക്ക് വിലക്ക്, ജി എസ് ടി , ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കേരളത്തില്‍ നിന്നുള്ള എം പിമാര്‍. യുവാക്കളെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് കേന്ദ്രമെന്നാണ് ബിനോയ് വിശ്വം ആരോപിച്ചിരിക്കുന്നത്. സൈന്യത്തിന്റെ വീര്യം ചോര്‍ത്തുന്ന നടപടി ഒഴിവാക്കണമെന്നും ഇക്കാര്യം വിശദമായി ചര്‍ച്ച നടത്തണമെന്നാണ് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടിരിക്കുന്നത്.


◼️ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഷെല്ലി സ്വര്‍ണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്ലറ്റിക് സ്വര്‍ണമാണ് ഇത്. ഷെറീക്ക ജാക്സണ്‍ വെള്ളിയും എലൈന്‍ തോംപ്സണ്‍ വെങ്കലവും സ്വന്തമാക്കി 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിര്‍ത്തി.


◼️ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാമതെത്തി അമേരിക്കയുടെ ഗ്രാന്‍ഡ് ഹോളോവെ. 13.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോളോവെ തന്റെ ലോക കിരീടം നിലനിര്‍ത്തിയപ്പോള്‍ അമേരിക്കയുടെ ട്രെയ് കണ്ണിങ്ഹാം വെള്ളിയും സ്‌പെയ്‌നിന്റെ ആസിയര്‍ മാര്‍ട്ടിനസ് വെങ്കലവും നേടി.


◼️ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ക്കിടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം അതിശക്തമായി തുടരുന്നു. ഈമാസം ഇതുവരെ മാത്രം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 7,432 കോടി രൂപ പിന്‍വലിച്ചു. 2022ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരിവിപണിക്ക് നഷ്ടമായ വിദേശനിക്ഷേപം 2.25 ലക്ഷം കോടി രൂപയാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യകാലത്ത് നഷ്ടമായ 52,987 കോടി രൂപയുടെ റെക്കാഡാണ് പഴങ്കഥയായത്. കഴിഞ്ഞമാസം 50,203 കോടി രൂപ പിന്‍വലിക്കപ്പെട്ടിരുന്നു. 2020 മാര്‍ച്ചില്‍ 61,973 കോടി രൂപ നഷ്ടപ്പെട്ടശേഷം ഒരുമാസം കൊഴിയുന്ന ഏറ്റവും വലിയ നഷ്ടമാണത്. ഡോളറിന്റെ കുതിപ്പിന് പുറമേ വിദേശ നിക്ഷേപനഷ്ടം രൂപയ്ക്ക് വന്‍ തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞവാരം മൂല്യം ഡോളറിനെതിരെ 80ന് തൊട്ടടുത്തേക്ക് കൂപ്പുകുത്തിയിരുന്നു.


◼️കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21 സാമ്പത്തികവര്‍ഷം മലയാളികളടക്കം ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട്. കൊവിഡില്‍ ഗള്‍ഫില്‍ തൊഴിലിനായുള്ള 'കുടിയേറ്റം' കുറഞ്ഞതും ഇന്ത്യക്കാര്‍ ഏറെയുള്ള അസംഘടിതമേഖല സമ്പദ്പ്രതിസന്ധി നേരിട്ടതുമാണ് തിരിച്ചടിയായത്. 2016-17ല്‍ ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണമൊഴുക്കില്‍ 50 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. 2020-21ല്‍ ഇത് 30 ശതമാനത്തിലേക്ക് കുറഞ്ഞു. വികസിത രാജ്യങ്ങളായ ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസിപ്പണമൊഴുക്ക് വിഹിതം 36 ശതമാനമായി ഇക്കാലയളവില്‍ മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവുമധികം പ്രവാസിപ്പണം വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയെ പിന്തള്ളി 23 ശതമാനം വിഹിതവുമായി അമേരിക്ക ഒന്നാംസ്ഥാനവും നേടി. ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനമെന്ന പട്ടം കേരളത്തില്‍ നിന്ന് മഹാരാഷ്ട്ര കവര്‍ന്നെടുത്തു.


◼️മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് 'സെല്‍ഫി'യുടെ റിലീസ് തിയതി പുറത്ത്. അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഡയാന പെന്റിയും നുഷ്രത്ത് ബറൂച്ചയുമാണ് സെല്‍ഫിയില്‍ നായികമാരായെത്തുന്നത്. ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. 'ഗുഡ് ന്യൂസ്' സംവിധായകന്‍ രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.


◼️എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം 'ഓളവും തിരവും' പൂര്‍ത്തിയായി. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഓളവും തീരവും'. മോഹന്‍ലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലന്‍ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ദുര്‍ഗ കൃഷ്ണയാണ്. 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാപ്പുട്ടിയായി പെരുമഴയത്ത് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.


◼️ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ലളിതമായ ആഖ്യാനത്താല്‍ വായനാസുഖം നല്‍കുന്ന തര്‍ജ്ജമ. സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്രദമായ ആഖ്യായിക. 'ഹര്‍ഷചരിത'. വിവര്‍ത്തനം- മുണ്ടൂര്‍ സുകുമാരന്‍. ഗ്രീന്‍ ബുക്സ്. വില 342 രൂപ.


◼️ഇന്ത്യയില്‍ വലിയകാറുകള്‍ക്ക് പ്രിയം കുതിച്ചുയരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും (എസ്.യു.വി) മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും (എം.പി.വി) ഈവര്‍ഷം രേഖപ്പെടുത്തുന്നത് മികച്ച വില്പനനേട്ടം. ജനുവരി-മേയ് കാലയളവില്‍ ഇന്ത്യയില്‍ യാത്രാ (പാസഞ്ചര്‍) വാഹന ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന വില്പന വളര്‍ച്ച രേഖപ്പെടുത്തിയത് എം.പി.വികളാണ്. കഴിഞ്ഞവര്‍ഷത്തെ സമാനകാലത്തേക്കാള്‍ 54 ശതമാനം വളര്‍ച്ചയോടെ 1,38,136 എം.പി.വികളാണ് ഈവര്‍ഷം പുതുതായി നിരത്തിലെത്തിയത്. 2021 ജനുവരി-മേയ് കാലയളവിനേക്കാള്‍ 21 ശതമാനം വര്‍ദ്ധനയോടെ ഈവര്‍ഷത്തെ സമാനകാലത്ത് 5,65,384 എസ്.യു.വി യൂണിറ്റുകള്‍ ഇന്ത്യക്കാര്‍ വാങ്ങി. എം.പി.വികളില്‍ കിയയുടെ മോഡല്‍ 'കാരെന്‍സ്' 17 ശതമാനം വിഹിതവുമായി വന്‍ സ്വീകരണം സ്വന്തമാക്കി. എസ്.യു.വികളില്‍ ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലായ നെക്‌സോണ്‍ ആണ്. ഇന്ത്യയിലെ മൊത്തം പാസഞ്ചര്‍ വാഹനശ്രേണിയില്‍ 47 ശതമാനമാണ് ഇപ്പോള്‍ എസ്.യു.വികളുടെയും എം.പി.വികളുടെയും സംയുക്തവിഹിതം.


◼️സ്‌കിന്‍ ക്യാന്‍സര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദവുമായി ബന്ധപ്പെട്ട് വന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണ് പറയുന്നത്. യുഎസ് 'സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' ആണ് ഈ പഠനത്തിന് പിന്നില്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് സ്‌കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത് എന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍. യുഎസിലെ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പഠനമെങ്കിലും ഇതിന് ആഗോളതലത്തിലും പ്രാധാന്യമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ മറ്റ് അര്‍ബുദങ്ങളെ അപേക്ഷിച്ച് സ്‌കിന്‍ ക്യാന്‍സര്‍ കേസുകളും മരണങ്ങളും കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. എന്നാല്‍ ലഭ്യമായ കണക്കുകളില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്‌കിന്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പുരുഷന്മാരിലാണെന്നതിന് സൂചനകളുമുണ്ട്. സൂര്യപ്രകാശം പതിവായി ഏല്‍ക്കുന്നത്, ആര്‍സനിക് അധികമായി അകത്തെത്തുന്നത് എല്ലാമാണ് ക്രമേണ ചിലരില്‍ സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുന്നത്. ഇതില്‍ പതിവായി കനത്ത സൂര്യപ്രകാശമേല്‍ക്കുന്ന കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്നിലാണ് പുരുഷന്മാരെന്നതും സണ്‍സ്‌ക്രീന്‍ പോലെ വെയിലില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കുന്ന ഉപാധികള്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കുറവായി ആശ്രയിക്കുന്നു എന്നതുമാണ് ഇവരില്‍ സ്‌കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണാനുള്ള ഒരു കാരണമായി ഗവേഷകര്‍ മനസിലാക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. സ്ത്രീയുടേയും പുരുഷന്റേയും ചര്‍മ്മങ്ങള്‍ പൊതുവില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും ഇതും ക്യാന്‍സര്‍ കൂടുന്നതിലേക്ക് നയിക്കുന്നുണ്ടാകാമെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമെ സ്ത്രീ-പുരുഷ ഹോര്‍മോണുകളുടെ വ്യത്യസ്തതയും ഇതില്‍ ഘടകമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.90, പൗണ്ട് - 95.58, യൂറോ - 81.06, സ്വിസ് ഫ്രാങ്ക് - 81.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.62, ബഹറിന്‍ ദിനാര്‍ - 211.93, കുവൈത്ത് ദിനാര്‍ -259.64, ഒമാനി റിയാല്‍ - 207.54, സൗദി റിയാല്‍ - 21.28, യു.എ.ഇ ദിര്‍ഹം - 21.75, ഖത്തര്‍ റിയാല്‍ - 21.94, കനേഡിയന്‍ ഡോളര്‍ - 61.55.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad