Type Here to Get Search Results !

കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി, ‘ഗൾഫ് യാത്ര’ കുറഞ്ഞു; മഹാരാഷ്ട്ര മുന്നിൽ



ന്യൂ‍ഡൽഹി ∙ വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം. 2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു.


5 വർഷം മുൻപ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വർഷം മുൻപ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തിൽ നിന്ന് 35.2% ആയി വളർന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേർത്താൽ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ൽ ഇത് 42 ശതമാനമായിരുന്നു.



വർഷങ്ങളായി ഗൾഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നെങ്കിൽ 2020ൽ ഗൾഫ് മേഖലയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആർബിഐ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.


തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വർധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആർബിഐയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 59 ശതമാനവും യുഎഇയിൽ നിന്നായിരുന്നു.


foreign-money

ഗൾഫ് പണത്തിൽ വൻ ഇടിവ്


∙ 5 വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു.


∙ 5 വർഷം മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം നൽകിയിരുന്നത് യുഎഇ ആയിരുന്നെങ്കിൽ പുതിയ കണക്കിൽ ഈ സ്ഥാനം യുഎസ് (22.9%) സ്വന്തമാക്കി. 2016ൽ 26.9% പണവും യുഎഇയിൽ നിന്നായിരുന്നത് 18 % ആയി കുറഞ്ഞു.


∙ 2020–21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്,യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന്.


∙ 15,000 രൂപയ്ക്കുള്ള മുകളിൽ അയയ്ക്കുന്നതു കുറയുകയും അതിനു താഴെയുള്ള തുകകൾ അയയ്ക്കുന്നതു വർധിക്കുകയും ചെയ്തു. പ്രവാസികളുടെ സാമ്പത്തികഞെരുക്കമോ കോവിഡ് സമയത്തു കുടുംബത്തിനു പിന്തുണയേകാൻ തുടർച്ചയായി ചെറിയ തുകകൾ അയച്ചതോ ആകാം കാരണമെന്ന് ആർബിഐ.


ഗൾഫ് കുടിയേറ്റം കുറഞ്ഞതിങ്ങനെ


2015ൽ 7.6 ലക്ഷം പേരാണു ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിൽ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതെങ്കിൽ 2019ൽ ഇതു 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020ൽ 90,000 ആയി. ഏറ്റവുമധികം പേർ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019ൽ സൗദിയിലേക്കു പോയത് 3.1ലക്ഷമായിരുന്നെങ്കിൽ 2019ൽ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരിൽനിന്ന് 80,000 ആയി ചുരുങ്ങി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad