Type Here to Get Search Results !

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ പോയി



ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ പറയുന്നു.


ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുമെന്നും ഇവർ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോ​ഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്.


ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വി എന്‍ വാസവന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. പിന്മാറാനുള്ള അഭ്യര്‍ത്ഥന വേണമെങ്കില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad