Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️ഡല്‍ഹി വിജയ് ചൗക്കില്‍ പ്രതിഷേധ പരിപാടി നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. റോഡില്‍ കുത്തിയിരുന്ന രാഹുലിനെ പൊലീസ് ബലംപ്രയോഗിച്ചാണ് അറസ്റ്റു ചെയ്തത്. രമ്യ ഹരിദാസ് അടക്കമുള്ള എംപിമാരെ പോലീസ് വലിച്ചിഴച്ചു. കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ, ബെന്നി ബഹനാന്‍, വി.കെ ശ്രീകണ്ഠന്‍, ആന്റോ ആന്റണി, എം.കെ രാഘവന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, സച്ചിന്‍ പൈലറ്റ്, അജയ് മാക്കന്‍, പവന്‍കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിലാണു നാടകീയ രംഗങ്ങള്‍.


◼️സോണിയാഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരേ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ എംപിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്താനായിരുന്നു പരിപാടി. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു ചെയ്തത്. വിജയ് ചൗക്കില്‍ മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നേതാക്കള്‍ പ്രതിഷേധ സമരം തുടരുന്നുണ്ട്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി.


◼️കേന്ദ്രാനുമതി ലഭിച്ചാലേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ സാമൂഹികാഘാത പഠനത്തിനു കേരള സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധി ഒമ്പതു ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിട്ടില്ല.




◼️ബിജെപിയിലെ ചില സുഹൃത്തുക്കളെ വിളിച്ചതിനുശേഷം തന്റെ ഫോണിലെ സിം കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്കു ചെയ്തെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. പൊതുമേഖല ടെലിഫോണ്‍ സേവന ദാതാവായ എംടിഎന്‍എല്‍ ആണ് സിം കാര്‍ഡ് ബ്ലോക്ക് ചെയ്തത്. പുറത്തേക്കു വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. കെവൈസി സസ്പെന്റ് ചെയ്തെന്നും സിം കട്ട് ചെയ്യുമെന്നുമുള്ള നോട്ടീസ് ലഭിച്ചെന്നും ആല്‍വ ട്വിറ്ററിലൂടെ ആരോപിച്ചു.


◼️പാര്‍ലമെന്റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. ടി.എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് എംപിമാരെ സമ്മേളന കാലാവധി തീരുംവരെയാണ് ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് എംപിമാര്‍ ഇന്നും നടുത്തളത്തിലിറങ്ങി സഭാ നടപടികള്‍ തടസപ്പെടുത്തി. ഇരു സഭകളും നിര്‍ത്തിവച്ചു.


◼️വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം കേന്ദ്രധനകാര്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് അവകാശപ്പെട്ടതാണ് കേന്ദ്രം ഇല്ലാതാക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. സമാന അഭിപ്രായമുള്ള മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.



◼️മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ രേണുരാജില്‍നിന്നാണ് ചുമതലയേറ്റത്. കളക്ടറേറ്റിനു പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.


◼️ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരേ ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത്. ഇതേ ആവശ്യം ഉന്നയിച്ച് ആലപ്പുഴ കോണ്‍ഗ്രസ്സ് കമ്മിറ്റിയും കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


◼️നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊന്ന് വെട്ടിനുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ വയനാട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു..


◼️പാലക്കാട് പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി. കൊപ്പം വണ്ടുംന്തറയില്‍ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയെ അറസ്റ്റു ചെയ്തു. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.


◼️വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സജീവന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം. മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. 28 പോലീസുകാരെയാണു മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണു നടപടി. കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.


◼️ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച. സ്വര്‍ണം പൊതിഞ്ഞ ഭാഗത്തെ സുഷിരത്തിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നുണ്ട്. ഓഗസ്റ്റ് അഞ്ചിന് തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കും.


◼️പാക്കറ്റിലുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തിയതും ജിഎസ്ടി സ്ലാബുകളിലെ മാറ്റവും കേരളത്തിലെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെട്ട ഉപസമിതിയുടെ തീരുമാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. പശ്ചിമബംഗാളിലെ ധനമന്ത്രിയും സമിതിയിലുണ്ടായിരുന്നു. രാജ്യസഭയില്‍ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.


◼️സമ്പൂര്‍ണ സാക്ഷരത യജ്ഞം പോലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടാനുളള പ്രവര്‍ത്തനങ്ങളിലേക്കു പ്രവേശിക്കാനുള്ള സമയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ ലൈന്‍ സമ്പ്രദായം ഒഴിവാക്കി ഇനി മുന്നോട്ട് പോകാനാവില്ല. എന്നാല്‍ ചതിക്കുഴികള്‍ തിരിച്ചറിയണം. സൈബറിടങ്ങളെക്കുറിച്ച് കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബോധവത്കരിക്കേണ്ടത്. പിണറായി വിജയന്‍ പറഞ്ഞു.


◼️എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന മെത്രാപ്പൊലീത്ത ആന്റണി കരിയില്‍ രാജിവച്ചു. ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട വത്തിക്കാന്‍ സ്ഥാനപതി ഇന്നു കൊച്ചിയിലെത്തി രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ പുറത്താക്കിയതോടെ അതിരൂപതയില്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തും. സിറോ മലബാര്‍ സഭാ മെത്രാന്മാരുടെ സിനഡിന്റെ തീരുമാനമനുസരിച്ചാണു നടപടികള്‍.


◼️കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശയാത്ര തടഞ്ഞു. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബിഷപ്പിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണ്‍ നേരത്തെ വിദേശത്തേക്കു കടന്നിരുന്നു.


◼️കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിംഗ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് പരാതിക്കാരി. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാന്‍ അവസരം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പരിഹാസത്തോടെയാണ് കാര്യങ്ങള്‍ കേള്‍ക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.


◼️ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പൊലീസ്. സിവിക് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അധ്യാപികയായ എഴുത്തുകാരിയുടെ പരാതിയില്‍ ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകള്‍.


◼️യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിനെതിരേ എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.


◼️പത്തനംതിട്ടയില്‍നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു വിദ്യാര്‍ത്ഥികളെയും പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച മുതലാണ് മാടമന്‍ സ്വദേശി ഷാരോണിനെയും മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും കാണാതായത്.


◼️സിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് തൃശൂരില്‍ അറസ്റ്റില്‍. തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.


◼️കൂടത്തായി കൊലപാതക കേസുകള്‍ മാറാട് സ്പെഷല്‍ കോടതിയിലേക്കു മാറ്റി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇങ്ങനെ ഉത്തരവിട്ടത്. ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ രണ്ടു മാസംമുമ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു.  


◼️ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തില്‍ യുവതി തൂങ്ങി മരിച്ചു. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ(30) ആണ് തൂങ്ങി മരിച്ചത്.


◼️വീട്ടുകാര്‍ കോയമ്പത്തൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയ തക്കംനോക്കി 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൊള്ളയടിച്ചു. വെഞ്ഞാറമൂട് ആലന്തറ തനിമയില്‍ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ഇത്രയും രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചത്.


◼️കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് കവര്‍ന്ന ആരോഗ്യവകുപ്പിന്റെ ജീപ്പ് കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജീപ്പിനകത്ത് രക്തക്കറയുണ്ട്.


◼️അമ്പതു ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ വീട് വില്‍ക്കാനൊരുങ്ങിയ പെയിന്റിംഗ് തൊഴിലാളിക്ക് ഒരു കോടി രൂപയുടെ ഭാഗ്യം. മഞ്ചേശ്വരത്തെ പാവൂരിലെ മുഹമ്മദ് എന്ന ബാവയ്ക്കാണ് കേരള ഭാഗ്യക്കുറി ഫിഫ്റ്റി- ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.


◼️മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലെ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 30 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. അഞ്ചു പേരുടെ നില അതീവ ദുരുതരമാണ്. ബോട്ടാഡ്, ഭാവ് നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ ചികില്‍സിക്കുന്നത്. മദ്യം വിറ്റതിന് പത്തു പേര്‍ അറസ്റ്റിലായിട്ടുണ്ട്.


◼️5 ജി സ്പെക്ട്രം ലേലം ആരംഭിച്ചു. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും ഉള്‍പ്പെടെ നാലു കമ്പനികള്‍ ലേലം വിളിക്കുന്നുണ്ട്. വൈകുന്നേരം ആറു വരെ ലേലം തുടരും.


◼️കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. മൂന്നു മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ പാകിസ്ഥാനു മേല്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സല്യൂട്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.


◼️കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ രാജി സ്വീകരിച്ച് 75 ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചത്.


◼️ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ 50-ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. സംഘാടകര്‍ ഇക്കാര്യത്തില്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,240 രൂപയായി. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. ശനിയാഴ്ച 50 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.


◼️നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കനറാ ബാങ്ക് 71.8 ശതമാനം വളര്‍ച്ചയോടെ 2022 കോടി രൂപ ലാഭം നേടി. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 1,177 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 20.53 ശതമാനം ഉയര്‍ന്ന് 6,606 കോടി രൂപയായി. അറ്റ പലിശവരുമാനം 10.15 ശതമാനം മെച്ചപ്പെട്ട് 6,785 കോടി രൂപയിലെത്തി. പലിശേതര വരുമാനം 24.55 ശതമാനം ഉയര്‍ന്ന് 5,175 കോടി രൂപയായി. വിവിധ ഫീസുകളില്‍ നിന്നുള്ള വരുമാനവര്‍ദ്ധന 17.95 ശതമാനമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 8.5 ശതമാനത്തില്‍ നിന്ന് 6.98 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.46 ശതമാനത്തില്‍ നിന്ന് 2.48 ശതമാനത്തിലേക്കും താഴ്ന്നത് ബാങ്കിന് നേട്ടമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 11.45 ശതമാനം ഉയര്‍ന്ന് 19.01 ലക്ഷം കോടി രൂപയിലെത്തി.


◼️ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സീതാ രാമം'. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. കഥ അത്ര മനോഹരമായിരുന്നതിനാല്‍ നിരസിക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുല്‍ഖര്‍ പറഞ്ഞു. ചിത്രത്തില്‍ പ്രണയ ജോഡി ആയി മൃണാല്‍ തക്കൂര്‍ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തില്‍ രശ്മിക മന്ദാനയുമുണ്ട്.


◼️വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ലാത്തി. എ വിനോദ്കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം എത്തുക. ഇപ്പോഴിതാ 'ലാത്തി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.


◼️ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ 450 എക്‌സ് ജനറേഷന്‍ 3 ശ്രേണി കേരള വിപണിയിലെത്തി. 3.7 കെ.ഡബ്ള്യു.എച്ച് ബാറ്ററിയുമായി 450 എക്‌സ്., 450 പ്ളസ് എന്നീ മോഡലുകളാണ് സ്‌പേസ് ഗ്രേ, മിന്റ് ഗ്രീന്‍, വെള്ള നിറഭേദങ്ങളില്‍ ഏഥര്‍ അവതരിപ്പിച്ചത്. 450 എക്‌സിന് 1.57 ലക്ഷം രൂപയും 450 പ്ളസിന് 1.35 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം വില. 80 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-100 കിലോമീറ്റര്‍ വേഗം 3.3/3.9 സെക്കന്‍ഡില്‍ കൈവരിക്കും. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 105 കിലോമീറ്റര്‍ വരെ ഓടാം. എക്കോ, റൈഡ്, സ്പോര്‍ട്ട്, വാര്‍പ് റൈഡിംഗ് മോഡുകളുണ്ട്.


◼️ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി , മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നല്‍കി. ഒരു ഫോര്‍ച്യൂണ്‍ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിതയും ഇക്കാലത്തെ ഏറ്റവും മികച്ച സ്ട്രാറ്റജിക് തിങ്കര്‍മാരിലൊരാളുമായ അവര്‍ സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും പെപ്സികോയെ നവീകരിച്ചു. 'മൈ ലൈഫ് ഇന്‍ ഫുള്‍' എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. 'ഇത് എന്റെ ജീവിതം'. പരിഭാഷ - പി. കിഷോര്‍. മനോരമ ബുക്സ്. വില 446 രൂപ.


◼️കോവിഡ് ശ്വാസകോശത്തെ ബാധിച്ചതുപോലെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കാനും ന്യുമോണിയക്ക് വരെ കാരണമാകാനും മങ്കിപോക്സ് വൈറസിന് സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശ്വാസകോശത്തില്‍ കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്ന മങ്കിപോക്സ് വൈറസ് ശ്വാസകോശത്തിലെ കോശസംയുക്തങ്ങളെ ആരോഗ്യത്തോടെയും , അയവുള്ളതാക്കിയും വയ്ക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം കുറയ്ക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. ഇത് ശ്വാസകോശത്തില്‍ നടക്കുന്ന ഓക്സിജന്റെ കൈമാറ്റത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോട്ടിയോമിക്സില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. മസ്തിഷ്‌കവീക്കം, രക്തദൂഷ്യം, ബ്രോങ്കോന്യുമോണിയ, കോര്‍ണിയയിലെ അണുബാധയും കാഴ്ച നഷ്ടവും എന്നിങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മങ്കിപോക്സ് ബാധ നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി, മുഖത്ത് ആരംഭിച്ച് കൈകാലുകളിലേക്ക് പടരുന്ന ചര്‍മത്തിലെ തിണര്‍പ്പുകള്‍, തലവേദന, ലിംഫ് നോഡുകള്‍ വീര്‍ക്കല്‍, പേശിവേദന, ക്ഷീണം, തൊണ്ടവേദന, ചുമ, കണ്ണില്‍ വേദന, അവ്യക്തമായ കാഴ്ച, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം മറയല്‍, ചുഴലി, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയെല്ലാം മങ്കി പോക്സ് ലക്ഷണങ്ങളാണ്. രോഗിയുടെ ശരീരത്തിലെ പഴുപ്പ്, രക്തം തുടങ്ങിയ ദ്രാവകങ്ങള്‍ വഴിയോ ലൈംഗിക ബന്ധം വഴിയോ നേരിട്ട് മങ്കിപോക്സ് വൈറസ് പകരാം. രോഗി ഉപയോഗിച്ച തുണിയോ വസ്തുക്കളോ ആയി അടുത്ത് ബന്ധപ്പെട്ടാലും രോഗിയുമായി ദീര്‍ഘനേരമുള്ള അടുത്ത ബന്ധം വഴിയോ മങ്കിപോക്സ് വ്യാപിക്കാം. മങ്കിപോക്സ് ബാധിതര്‍ ഐസലേഷനില്‍ കഴിയേണ്ടതും മൂക്കും മുഖവും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കേണ്ടതുമാണ്. ചര്‍മത്തിലെ വൃണങ്ങള്‍ ഒരു ഗൗണോ ബെഡ്ഷീറ്റോ ഉപയോഗിച്ച് മറയ്ക്കുകയും വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരുപയോഗിച്ച തുണികള്‍, ബെഡ് ഷീറ്റ്, ടവലുകള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് മങ്കിപോക്സ് പ്രതിരോധത്തിലും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.74, പൗണ്ട് - 96.00, യൂറോ - 81.46, സ്വിസ് ഫ്രാങ്ക് - 82.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.51, ബഹറിന്‍ ദിനാര്‍ - 211.49, കുവൈത്ത് ദിനാര്‍ -259.55, ഒമാനി റിയാല്‍ - 207.07, സൗദി റിയാല്‍ - 21.22, യു.എ.ഇ ദിര്‍ഹം - 21.71, ഖത്തര്‍ റിയാല്‍ - 21.90, കനേഡിയന്‍ ഡോളര്‍ - 62.13.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad