Type Here to Get Search Results !

ഒഡിഷ ട്രെയിൻ ദുരന്തം: മരണം 294, മൃതദേഹങ്ങൾ അഴുകിത്തുടങ്ങി; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി



 ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു. ഇന്നലെ അത്യാസന്ന നിലയിലായിരുന്ന 56 പേരിൽ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. അതിനിടെ ട്രെയിൻ ദുരന്തത്തിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. അപകടം നടന്ന ബലോസറിലെ സ്വകാര്യ കൺവൻഷൻ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുള്ള നടപടിക്ക് നിര്‍ദേശിക്കണണെമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഉറ്റവരുടെ  മൃതദേഹങ്ങൾ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബലോസറിലെ നോസിയിലെ കൺവൻഷൻ സെന്റർ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളിൽ മൃതദേഹങ്ങൾ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്. 200 ലധികം മൃതദേഹങ്ങൾ പല ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയുള്ളവരെ സഹായിക്കാൻ നിരവധി സംഘടനകളാണ് ബാലോസറിലെ ആശുപത്രികളിൽ എത്തുന്നത്. കാണാതായവരെ കണ്ടെത്താൻ ബന്ധുക്കളെ സഹായിക്കാനും സംഘടനകൾ രംഗത്ത് ഉണ്ട്. തീവണ്ടി ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്സൈറ്റുകളിൽ വിവരം ലഭ്യമാണ്. മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. തിരിച്ചറിയൽ ആവശ്യത്തിന് വേണ്ടി മാത്രമാണിതെന്നും മറ്റെവിടെയും പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


Top Post Ad

Below Post Ad