തൃശൂർ: പൂരപ്രേമികളുടെ മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റത്തിന് സമാപനം. കുടമാറ്റത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കപ്പുയർത്തി നിൽക്കുന്ന പ്ലക്കാർഡേന്തി തിരുവമ്പാടി ദേവസ്വം പൂരാശംസകൾ നേർന്നത് പൂരപ്രേമികളെ ആവേശഭരിതരാക്കി. കുടകളില്‍ കടുത്ത മത്സരമാണ് ഇരുവിഭാഗത്തിന്റേയും ഭാഗത്ത് നിന്നുണ്ടായത്. വര്‍ണാലാങ്കാരങ്ങളും ദേവരൂപങ്ങളും കുടകളില്‍ നിറഞ്ഞുനിന്നിരുന്നു. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കമായത്. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തെക്കോട്ടിറക്കത്തിൽ എഴുന്നളളിയത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്. നാളെ പുലർച്ചെയാണ് വെടിക്കെട്ട് നടക്കുക. പകൽപൂരത്തിൽ ഇരുവിഭാഗവും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.
തൃശ്ശൂര്‍പൂരം കുടമാറ്റത്തിലുയർന്ന് മെസ്സിയും; കളറായി തിരുവമ്പാടിയുടെ പൂരം ആശംസ
May 01, 2023