Type Here to Get Search Results !

പ്രതീക്ഷിച്ചപോലെ നയിക്കാനായില്ല; ഒരു മാസത്തിനകം പുനഃസംഘടനയില്ലെങ്കില്‍ തുടരാനില്ല: തുറന്നടിച്ച്‌ കെ സുധാകരന്‍



സുല്‍ത്താന്‍ ബത്തേരി: പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്ന് കെ സുധാകരന്‍.


പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. പുനഃസംഘടനയോട് കുറച്ച്‌ നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. വയനാട്ടിലെ ബത്തേരിയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകാന്‍ കഴിയാത്തതിന് കാരണം തന്റെ കഴിവുകേടോ, ബോധപൂര്‍വമായ വീഴ്ചയോ അല്ല. മറിച്ച്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കാരണം. പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണ്. പുനഃസംഘടന പൂര്‍ത്തിയായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ മുഖമല്ല ഈ കോണ്‍ഗ്രസിന് ഉണ്ടാകുമായിരുന്നത്. കോണ്‍ഗ്രസിന്റെ മുഖം മാറുമായിരുന്നു. 


പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് സംഘടനയിലെ അടിത്തട്ടിലെ ദൗര്‍ബല്യം പരിഹരിക്കാന്‍ കണ്ടെത്തിയ സിഒസി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പലയിടത്തും അതു നിന്നുപോയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമാണ്. പലയിടത്തും ഗ്രൂപ്പുകള്‍ വീണ്ടും തലപൊക്കുന്നു. ഗ്രൂപ്പുകള്‍ക്ക് ക്വാട്ടയില്ല. ഗ്രൂപ്പ് വീതംവയ്പിന് താനില്ല. ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നേതൃസ്ഥാനത്ത് തുടരാനില്ലെന്നും സുധാകരന്‍ പറഞ്ഞു.


പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ പോഷക സംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് തുറന്നടിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് താന്‍ അറിയാതെയാണ്. നേതൃത്വത്തില്‍ വന്നത് മത്സ്യമേഖലയുമായി ഒരു ബന്ധവുമില്ലാത്ത ആളാണെന്നും സുധാകരന്‍ പറഞ്ഞു. 


കെപിസിസിയുടെ രണ്ടു ദിവസത്തെ ലീഡേഴ്‌സ് മീറ്റിനാണ് വയനാട് ബത്തേരിയില്‍ തുടക്കമായത്. കെപിസിസി ഭാരവാഹികള്‍, എംപി മാര്‍ എംഎല്‍എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട.


പ്രതിനിധി സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ലീഡേഴ്സ് മീറ്റില്‍ പങ്കെടുക്കുന്നില്ല. അമേരിക്കയില്‍ ചികിത്സയിലായതിനാലാണ് തരൂര്‍ മീറ്റില്‍ പങ്കെടുക്കാത്തത്. 


Top Post Ad

Below Post Ad