തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കും.
ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാല്‍ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നാണ് ആവശ്യം.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയില്‍ കടുത്ത വിമര്‍ശനമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഎം നേതൃയോഗത്തില്‍ ഉയര്‍ന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ദ്ധന പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടങ്ങിയ സബ് കമ്മറ്റിയുടെ കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാകും പുനഃപരിശോധന. പൊതുജനങ്ങളില്‍ തുടങ്ങി പാര്‍ട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് നിരക്ക് വര്‍ദ്ധനയില്‍ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പില്‍ നിന്ന് അധികം വൈകാതെ ഉണ്ടാകും.