തമിഴ്നാട് സാധാരണ ഗതിയില്‍ പരാക്രമകാരികളായ ആനകളെ പിടിച്ച് കുങ്കിയാനകളാക്കുകയാണ് പതിവ്.അരിക്കൊമ്പനെ എന്തുചെയ്യണമെന്നുള്ള കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
തേനി: കമ്പം ജനവാസ കേന്ദ്രത്തില്‍ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. നിലവില്‍ അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാനാണ് ശ്രമം. ഇതിനായുളള ഉത്തരവ് പുറത്തിറങ്ങി.
1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്.
തമിഴ്നാട് സാധാരണ ഗതിയില്‍ പരാക്രമകാരികളായ ആനകളെ പിടിച്ച് കുങ്കിയാനകളാക്കുകയാണ് പതിവ്.അരിക്കൊമ്പനെ എന്തുചെയ്യണമെന്നുള്ള കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.കേരള വനംവകുപ്പ് അരിക്കൊമ്പന്റെ പരാക്രമത്തെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചാല്‍ എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. തമിഴ്നാട് അരിക്കൊമ്പനെ പിടികൂടി ഏതെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍, അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതന്ന് കേരളം ആവശ്യപ്പെടും.ഇക്കാര്യത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും .
വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല.. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.