ഡ്രൈവിങ് ലൈസൻസ് ഉടമകൾ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് വിതരണം ചെയ്ത് തുടങ്ങി. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍. ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം പരിവാഹന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), മേല്‍വിലാസം മാറ്റല്‍, ജനനത്തീയതി മാറ്റല്‍, ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്‌സ്‌മെന്റ് എന്നീ സേവനങ്ങളാണ് വെബ്സൈറ്റ് വഴി ലഭിക്കുക.
ഇതിൽ ഏതെങ്കിലും സേവനത്തിന് അപേക്ഷിച്ചാൽ, ആ കാര്യം നിറവേറ്റുന്നതിനൊപ്പം പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസൻസും ലഭിക്കും. പ്രത്യേകിച്ച് സേവനങ്ങള്‍ ഒന്നും ആവശ്യമില്ലാത്തവര്‍ക്ക് പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് ലഭിക്കുന്നതിന് 'Replacement of Licence’ എന്ന സേവനത്തിന് അപേക്ഷിച്ചാല്‍ മതി.
*ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകർ ശ്രദ്ധിക്കേണ്ടത്:
1. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്
ഡ്രൈവിംഗ് ലൈസന്‍സ് അസല്‍ നഷ്ടപ്പെട്ടവരോ, തിരിച്ചറിയാന്‍ പറ്റാത്തവിധം നശിച്ചു പോയതോ ആണെങ്കില്‍ ഡ്യൂപ്പിക്കേറ്റ് ലൈസന്‍സ് സേവനത്തിനാണ് അപേക്ഷിക്കണം. ഈ സേവനത്തിന് അപേക്ഷിക്കുമ്പോള്‍, നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപ് ലോഡ് ചെയ്യണം.
2. ഡി ഡ്യൂപ്ലിക്കേഷന്‍
ഏതെങ്കിലും ലൈസന്‍സ് സേവനത്തിന് അപേക്ഷിക്കുമ്പോള്‍, ഡി ഡ്യൂപ്ലിക്കേഷന്‍ (De-duplication) ആവശ്യമാണെന്ന് സന്ദേശം കണ്ടാല്‍ അത് പൂര്‍ത്തിയാക്കുന്നതിനായി, ഒറിജിനല്‍ ലൈസന്‍സുമായി ഏതെങ്കിലും ആര്‍.ടി ഓഫിസില്‍ ഹാജരാവുകയോ, ഏതെങ്കിലും ആര്‍.ടി ഓഫീസിലേക്ക് ലൈസന്‍സിന്റെ ഇരുപുറവും ഇ-മെയില്‍ അയക്കുകയോ ചെയ്താല്‍, അത് അപേക്ഷിക്കാന്‍ തക്കവിധം ഡി-ഡ്യൂപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കും.
3. വിലാസം മാറ്റൽ
ഡ്രൈവിങ് ലൈസന്‍സില്‍ (i) പെര്‍മെനന്റ് അഡ്രസ്, (ii) ടെമ്പററി അഡ്രസ്സ്/ പ്രസന്റ് അഡ്രസ് എന്നിങ്ങനെ രണ്ട് അഡ്രസ്സുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈസന്‍സ് സേവനം പൂര്‍ത്തിയാക്കി, പ്രസന്റ് അഡ്രസിലേക്ക് ആണ് ലൈസന്‍സ് അയക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സില്‍ നല്‍കിയിരിക്കുന്ന പ്രസന്റ് അഡ്രസ്സില്‍ സ്പീഡ് പോസ്റ്റ് വഴി ലഭിക്കുമെന്ന് ഉറപ്പാക്കണം.
പഴയ സോഫ്റ്റ്വെയര്‍ ആയ സ്മാര്‍ട്ട്മൂവ് പ്രകാരം ലഭിച്ച ലൈസന്‍സില്‍ ഉള്ള ഏതെങ്കിലും അഡ്രസ്സ് ഭാഗങ്ങള്‍ വെബ്സൈറ്റില്‍ കാണുന്നില്ലെങ്കില്‍, അപേക്ഷാസമയത്ത് മേല്‍ വിലാസം ലൈസന്‍സ് പ്രകാരം ആക്കി മാറ്റുന്നതിന് അനുവാദം ഉണ്ട്. ഏതെങ്കിലും മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ Change of address എന്ന സേവനത്തിന് കൂടി അപേക്ഷിച്ച് ലൈസന്‍സ് കൈവശം എത്തും എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തില്‍ ഏതെങ്കിലും സേവനത്തിന് അപേക്ഷിക്കുമ്പോള്‍ പുതിയ പെറ്റ് ജി കാര്‍ഡ് ലൈസന്‍സ് ലഭിക്കും. അതിനാല്‍ റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിങ് ലൈസന്‍സ് എന്ന സേവനത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല.
3. മൊബൈല്‍ നമ്പര്‍
നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആണ് അപേക്ഷയോടൊപ്പം നല്‍കിയിരിക്കുന്നത് എന്ന് അപേക്ഷകന്‍ ഉറപ്പുവരുത്തണം. മൊബൈല്‍ നമ്പറില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അപേക്ഷാസമയത്ത് മാറ്റി നല്‍കുന്നതിന് അവസരം ഉണ്ട്. മേല്‍വിലാസം കണ്ടെത്തുന്നതിനോ, ലൈസന്‍സ് കൈമാറുന്നതിനോ പോസ്റ്റ്മാന് സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് അത് കൈമാറുന്ന ആവശ്യത്തിലേക്കാണ് നമ്പര്‍ നിലവില്‍ ഉപയോഗത്തിലുള്ളതായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
4. അപേക്ഷയുടെ സ്റ്റാറ്റസ് അറിയാം
ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹന്‍ വെബ്സൈറ്റില്‍ ‘application status’ എന്ന മെനു വഴി പരിശോധിച്ച് ബോദ്ധ്യപ്പെടാം. പൂര്‍ത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ആയി ലഭിക്കും. ഇപ്രകാരം ലൈസന്‍സ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സ്പീഡ് പോസ്റ്റ് നമ്പര്‍ ‘application status’വഴി ലഭ്യമാകുന്നതും, ലൈസന്‍സ് ലൊക്കേഷന്‍ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസിലാക്കാവുന്നതുമാണ്.
5. ലൈസൻസ് അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക:
അപേക്ഷകര്‍ ലൈസന്‍സിന്റെ ഒരു വശം മാത്രം അപ് ലോഡ് ചെയ്യുന്നതായും, ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവ വഴി കാണുന്ന ലൈസന്‍സ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അപ്പ്ലോഡ് ചെയ്യുന്നതായും കണ്ടുവരുന്നു. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് ഒഴികെയുള്ള എല്ലാ സേവനങ്ങള്‍ക്കും അസ്സല്‍ ലൈസന്‍സിന്റെ ഇരുവശവും അപ്പ്ലോഡ് ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.
6. ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ലെങ്കിൽ
ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്‍കി പോസ്റ്റ് ഓഫീസില്‍ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകന്‍ നടത്തണം. യാതൊരു കാരണത്താലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ വരാതെ ശ്രദ്ധിക്കുക.
ലൈസന്‍സ് കൈപ്പറ്റാതെ വന്നാല്‍, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോണ്‍: 0484-2996551). അത്തരത്തില്‍ ഉള്ള ലൈസന്‍സുകള്‍ കൈപ്പറ്റണമെങ്കില്‍, ഉടമ നേരിട്ട് തേവര കെയുആര്‍ടിസി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായാല്‍ മാത്രമേ ലഭിക്കുവെന്ന് ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
റീപ്ലേസ്മെന്റിന് അപേക്ഷിക്കേണ്ട വിധം:
1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :-നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്
അപേക്ഷ കാൻസൽ ചെയ്യാൻ:
പരിവാഹൻ വെബ് സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ റദ്ദ് (Cancel ) ചെയ്യേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അതെങ്ങിനെ ചെയ്യാം എന്ന് താഴെ പറയുന്നു.
👉 www.parivahan.giv.in വെബ് വിലാസത്തിൽ പ്രവേശിക്കുക.
👉 Online services ൽ Driving Licence Related Services എന്നത് സെലക്ട് ചെയ്യുക.
👉 Kerala State സെലക്ട് ചെയ്യുക.
👉 Other എന്ന tab ൽ cancel application എന്നത് സെലക്ട് ചെയ്യുക.
👉 പിന്നീട് കാണുന്ന സ്ക്രീനിൽ അപേക്ഷാ നമ്പർ, ജനന തീയ്യതി, Captcha എന്നിവ ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തിയാൽ നമ്മുടെ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ കാണാം.
👉 ആയതിന് ശേഷം cancel application എന്ന ബട്ടണും proceed for cancel എന്ന ബട്ടണും അമർത്തുക.
👉 ഈ സമയം നമ്മുടെ റജിസ്റ്റേർഡ് മൊബൈലിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തുക.
👉 പിന്നീട് വരുന്ന Check box ൽ ടിക് ചെയ്ത് proceed for cancel എന്ന ബട്ടൺ അമർത്തിയാൽ സമർപ്പിക്കപ്പെട്ട അപേക്ഷ റദ്ദ് (Cancel ) ചെയ്യപ്പെടും.
ശ്രദ്ധിക്കുക : ക്യാൻസൽ ചെയ്യപ്പെട്ട അപേക്ഷ പിന്നീട് തിരിച്ചെടുക്കാൻ സാധിക്കുന്നതല്ല.