നീറ്റ് യു.ജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ലഭ്യമായി. പരീക്ഷ എഴുതാനുള്ള ആകാംക്ഷയിലും അവസാനഘട്ട ഒരുക്കത്തിലുമാണ് വിദ്യാർഥികൾ. പരീക്ഷാ ഹാളിലേക്ക് പോകുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്:
കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കൾ:
1. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ കടലാസുകൾ, ജ്യോമെട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ/സ്കാനർ തുടങ്ങിയവ.
2. വാലറ്റ്, കൂളിങ് ഗ്ലാസ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി തുടങ്ങിയവ
3. വാച്ച്, ബ്രേസ്ലെറ്റ്, കാമറ തുടങ്ങിയവ
4. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയവ
5. ആഭരണങ്ങൾ, ലോഹവസ്തുക്കൾ
6. ഭക്ഷണ സാധനങ്ങൾ, വെള്ളക്കുപ്പി
7. കൃത്രിമം കാണിക്കുന്നതിനുവേണ്ടി മൈക്രോചിപ്, കാമറ, ബ്ലൂടൂത്ത് ഉപകരണം തുടങ്ങിയവ ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന മറ്റ് വസ്തുക്കൾ
പരീക്ഷാർഥികൾ കൊണ്ടുവരുന്ന നിരോധിത വസ്തുക്കൾ സൂക്ഷിക്കാൻ പരീക്ഷാ സെന്ററിൽ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. മതപരമോ ആചാരപരമോ ആയ വസ്തുക്കൾ ധരിക്കുന്നവർ റിപ്പോട്ടിങ് സമയം അവസാനിക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും പരീക്ഷാ സെന്ററിൽ എത്തണം. പരീക്ഷാർഥിക്ക് ബുദ്ധിമുട്ടില്ലാതെ പരിശോധന നടത്താൻ സമയം ലഭിക്കുന്നതിനാണിത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം (അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്ത ഫോട്ടോ തന്നെയായിരിക്കണം). പരീക്ഷക്കെത്തുമ്പോൾ ഈ കാർഡ് കൊണ്ടുവരണം. പരീക്ഷാ സെന്ററിൽവെച്ച് അറ്റൻഡൻസ് ഷീറ്റിൽ പതിക്കുന്നതിന് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കരുതണം.
അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്ത പ്രഫോർമയിൽ വെള്ള പശ്ചാത്തലത്തിലുള്ള ഒരു പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ (4”X6”) പതിക്കണം. ഫോട്ടോ പതിച്ച പ്രഫോർമ പരീക്ഷാ ഹാളിൽവെച്ച് ഇൻവിജിലേറ്റർക്ക് സമർപ്പിക്കണം. അംഗീകൃത ഫോട്ടോ ഐ.ഡി കാർഡ് (പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്പോർട്ട്, ആധാർ കാർഡ്, ഫോട്ടോ പതിച്ച 12ാം ക്ലാസിലെ അഡ്മിറ്റ് കാർഡ്, സർക്കാർ നൽകുന്ന മറ്റേതെങ്കിലും ഫോട്ടോ ഐ.ഡി തുടങ്ങിയവ) പരീക്ഷാർഥിയുടെ കൈവശം ഉണ്ടായിരിക്കണം. 11 മണിക്ക് വിദ്യാർഥികളുടെ ദേഹപരിശോധന തുടങ്ങും. 1.30ന് ഗേറ്റടക്കും. രണ്ടുമുതൽ 5.20 വരെയാണ് പരീക്ഷ സമയം.
ഡ്രസ് കോഡ്:
പരീക്ഷാർഥികൾക്ക് നീണ്ട കൈയുള്ള വസ്ത്രങ്ങൾ അനുവദിക്കുന്നതല്ല. മതപരമോ ആചാരപരമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നവർ റിപ്പോട്ടിങ് സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും (അതായത് 12.30) പരീക്ഷാ സെന്ററിൽ എത്തണം. ഷൂ അനുവദിക്കുന്നതല്ല.