കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഇല്ല. തന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ശിക്ഷാവിധി താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രാഹുലിൻ്റെ ഹർജി അവധിക്ക് ശേഷം വിധി പറയാൻ ഗുജറാത്ത് ഹൈക്കോടതി മാറ്റി. രാഹുലിന് ഇടക്കാല സ്റ്റേ നൽകണം എന്ന ആവശ്യം കോടതി അടിയന്തിരമായി പരിഗണിച്ചില്ല. വേനലവധിക്ക് ശേഷം ജൂൺ നാലിന് രാഹുലിൻ്റെ ഹർജിയിൽ കോടതി വിധി പറയും.
മോദി സമുദായത്തെ അപമാനിച്ചു എന്നാരോപിച്ച് നൽകിയ കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. വിധി വന്നതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി. 2019-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോലാറിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയുടെ വിവാദമായ പരാമർശം. ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലായിരുന്നു നടപടി