Type Here to Get Search Results !

മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ നിർത്തിയതിലൂടെ റെയിൽവെ നേടിയത് 2242 കോടി



ന്യൂഡൽഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ൽ റെയിൽവെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാർച്ച് 20 നും 2022 മാർച്ച് 31നുമിടെ റെയിൽവെക്ക് 1500 കോടിരൂപ അധികവരുമാനം ലഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമപ്രകാരം റെയിൽവെയിൽനിന്ന് വിശദാംശങ്ങൾ ആരാഞ്ഞത്.


മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ റദ്ദാക്കിയതിലൂടെ റെയിൽവെയ്ക്ക് ലഭിച്ച അധിക വരുമാനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്:  

2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ റെയിൽവെയ്ക്ക് 3464 കോടി രൂപയാണ് മുതിർന്ന പൗരന്മാരിൽനിന്നുള്ള ടിക്കറ്റ് വരുമാനമായി ലഭിച്ചത്. കൺസഷൻ നൽകിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന തുകയെക്കാൾ 1500 കോടിരൂപ അധികമാണ് റെയിൽവെയ്ക്ക് ഈ കാലയളവിൽ മുതിർന്ന പൗരന്മാരുടെ യാത്രാടിക്കറ്റ് വരുമാനമായി ലഭിച്ചത്..


2022 ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ റെയിൽവെ മുതിർന്ന പൗരന്മാരായ സ്ത്രീകളും, പുരുഷന്മാരും ട്രാൻസ്ജെൻഡറുകളും അടക്കമുള്ളവർക്ക് കൺസഷൻ നൽകിയില്ല. 5062 കോടി രൂപയാണ് ഈ കാലയളവിൽ റെയിൽവേയ്ക്ക് മുതിർന്ന പൗരന്മാരിൽനിന്ന് ആകെ വരുമാനമായി ലഭിച്ചത്. കൺസഷൻ റദ്ദാക്കിയ നടപടിയിലൂടെ ലഭിച്ച 2242 കോടിയുടെ അധികവരുമാനം അടക്കമുള്ള തുകയാണിത്.


2022 - 23 കാലയളവിൽ മുതിർന്ന പൗരന്മാരായ പുരുഷന്മാരിൽനിന്ന് റെയിവെയ്ക്ക് 2891 കോടിരൂപയും സ്ത്രീകളിൽനിന്ന് 2169 കോടിരൂപയും ട്രാൻസ്ജെൻഡേഴ്സിൽനിന്ന് 1.03 കോടിരൂപയും ലഭിച്ചു.


സ്ത്രീകൾക്ക് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കൺസെഷനും മുതിർന്ന പൗരന്മാരായ പുരുഷന്മാർക്ക് 40 ശതമാനം കൺസഷനുമാണ് റെയിൽവെയുടെ എല്ലാ ക്ലാസുകളിലും മുമ്പ് നൽകിവന്നിരുന്നത്. പുരുഷന്മാർക്ക് 60 വയസും സ്ത്രീകൾക്ക് 58 വയസുമായിരുന്നു കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി. കോവിഡ് മഹാമാരിയുണ്ടായ 2020 ലെ മാർച്ച് മാസംമുതൽ മുതിർന്ന പൗരന്മാർക്ക് കൺസഷൻ നൽകുന്നത് നിർത്തിവച്ചിരുന്നു. ഏതാണ്ട് 2020 മുഴുവനും 2022-ലെ ഏറെക്കാലത്തും ട്രെയിൻ സർവീസുകൾ അധികം ഉണ്ടായിരുന്നില്ല. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായതോടെ മുതിർന്ന പൗരന്മാർക്ക് നൽകിവന്ന കൺസഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad