ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയത്.
ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് കടുത്ത ഭാഷയില്‍ തന്നെ വ്യക്തമാക്കിയ യോര്‍ഗെ മെസ്സി, തന്റെ മകന്റെ പേര് ആളെക്കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു. ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്നും പിഎസ്ജിയുമായി ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് യാതൊന്നും തീരുമാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സീസണ്‍ അവസാനിച്ച ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് വിശകലനം ചെയ്യാനും തുടര്‍ന്ന് അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയമുണ്ട്. എപ്പോഴും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. പ്രശസ്തി നേടാന്‍ പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല.' - യോര്‍ഗെ മെസ്സി കുറിച്ചു.
നേരത്തെ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോഡ് പ്രതിഫലത്തിനാണ് ക്ലബ്ബ് മെസ്സിയുമായി കരാറിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.