▫️ഒരു മാസത്തെ പ്രചാരണങ്ങൾക്ക് ശേഷം കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഭരണപക്ഷമായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ആർക്കും കേവല ഭൂരിപക്ഷം നേടാൻ ആകാതെ വന്നാൽ കിംഗ് മേക്കർ ആകാനുള്ള നീക്കത്തിലാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കർണാടകയിലെ വിജയം ബിജെപിക്ക് അഭിമാന പ്രശ്നമാണ്. പ്രചാരണ ഘട്ടത്തിന്റെ അവസാന ദിനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോ വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
എന്നാൽ ലിംഗയത്ത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസിലേക്ക് കൂടുമാറിയത് ബിജെപിക്ക് തിരിച്ചടിയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് രംഗത്തിറങ്ങി. മിക്ക അഭിപ്രായ സർവ്വേകളും കോൺഗ്രസിനാണു മുൻ തൂക്കം നൽകുന്നത്. ജെഡിഎസ് മേധാവിത്വമുള്ള മൈസൂര് മേഖലയിൽ നിന്നും കൂടുതൽ സീറ്റ് സ്വന്തമാക്കാനാണു ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്.
5.31 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിൽ വിധി എഴുതുക. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് -കർണാടക അതിർത്തികളിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.