ബെംഗളുരൂ | കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ യാത്രകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകില്ല. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് വളരെ മുമ്പ് തന്നെ റോഡുകളെല്ലാം ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുന്ന രീതി വേണ്ടെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ പിൻവലിക്കാൻ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണർക്ക് സിദ്ധരാമയ്യ നിർദ്ദേശം നൽകി.
ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഐപികൾ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങൾ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അർഥമാക്കുന്നത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. താനും സീറോ ട്രാഫിക്ക് പ്രോട്ടോക്കോൾ വേണ്ടെന്ന് വെച്ച കാര്യം സമൂഹമാധ്യമത്തിലൂടെയാണ് സിദ്ധരാമയ്യ അറിയിച്ചത്.