തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ ഇന്നു മുതൽ മാറ്റം. കൊല്ലം ജംങ്ഷന്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിൽ വന്ദേഭാരത് എത്തുന്നതിലും പുറപ്പെടുന്നതിലുമാണ് മാറ്റമുള്ളത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് മുമ്പ് എത്തിയിരുന്നതില്‍ നിന്നും ഒരു മിനിറ്റ് വൈകി രാവിലെ 6.08നാവും കൊല്ലത്തെത്തുക. ഒരു മിനിറ്റ് വൈകി 6.10ന് പുറപ്പെടും. അതേസമയം കോട്ടയത്ത് ഒരു മിനിറ്റ് നേരത്തെ 7.24ന് ട്രെയിനെത്തി മുമ്പ് പുറപ്പെട്ടിരുന്ന 7.27ന് തന്നെ പുറപ്പെടും. എറണാകുളത്ത് മുമ്പുണ്ടായിരുന്നതിലും എട്ട് മിനിറ്റ് നേരത്തെ 8.25ന് ട്രെയിനെത്തി 8.28ന് പുറപ്പെടും.
മടക്കയാത്രയില്‍ തൃശൂരില്‍ ഏഴ് മിനിറ്റ് വൈകി വൈകീട്ട് 6.10ന് എത്തുന്ന ട്രെയിൻ. 6.12ന് പുറപ്പെടും. എറണാകുളം ടൗണില്‍ നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ നിന്നും 12 മിനിറ്റ് വൈകി രാത്രി 7.17ന് എത്തി 7.20ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് വൈകി രാത്രി 8.10ന് എത്തി 8.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 9.30ന് എത്തി 9.32ന് അവിടെനിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സമയക്രമം.