Type Here to Get Search Results !

എല്‍ഇ‍ഡി ലൈറ്റുകളടക്കം എല്ലാം നിയമ വിരുദ്ധം; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ



കൊച്ചി: മള്‍ട്ടികളര്‍ എല്‍ഇഡി ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നതായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി.


എല്‍ഇഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷുകള്‍ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ‌


സുരക്ഷാ മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങള്‍ക്ക്‌ വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികള്‍ക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്‌റ്റിസ്‌ അനില്‍ കെ നരേന്ദ്രന്‍ ഉത്തരവിട്ടു. 


റോഡ്‌ സുരക്ഷാ നിയമവും മോട്ടോര്‍ വാഹന നിയമവും മോട്ടോര്‍ വെഹിക്കിള്‍സ്‌ (ഡ്രൈവിങ്‌) റഗുലേഷന്‍സ്‌ വ്യവസ്ഥകളും കര്‍ശനമായി നടപ്പാക്കുന്നത്‌ ഉറപ്പാക്കാന്‍ 2019ല്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓള്‍ കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്. 


അമിത വേഗം, അമിത ഭാരം, മദ്യപിച്ചും മയക്കുമരുന്ന്‌ ഉപയോഗിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓവര്‍ലോഡ് കയറ്റുന്ന ചരക്കു വാഹനങ്ങളുടെ പെര്‍മിറ്റും രജിസ്‌ട്രേഷനും സസ്‌പെന്‍ഡ്‌ ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികള്‍ ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad