ധർമ്മപുരി: കാട്ടാനയെ വീഡിയോയിൽ പകർത്താൻ ശ്രമിച്ച വിനോദസഞ്ചാരിയിൽ നിന്നും തമിഴ് നാട് വനംവകുപ്പ് 10,000 രൂപ പിഴ ചുമത്തി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നൽകി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകർത്താൻ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു.സഞ്ചാരി തന്റെ കാറിൽ നിന്ന് ഇറങ്ങി കാട്ടാനയുടെ മുൻപിൽ നിന്നു. ആളെ ശ്രദ്ധയിൽപ്പെട്ടതോടെ ആന സഞ്ചാരിക്കുനേരെ തിരിഞ്ഞു. ഇതോടെ, അയാൾ ആനക്ക് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ തുടങ്ങി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവർ ഹോൺ മുഴക്കുകയും മറ്റും ചെയ്തതോടെയാണ്, ആന പിൻതിരിഞ്ഞത്. ഈ സഞ്ചാരി ആരാണെന്ന് വനം വകുപ്പ് അന്വേഷിച്ചു. പെണ്ണഗരം ഫോറസ്റ്റ് റേഞ്ചർ ജി.കെ.മുരുകൻ നടത്തിയ അന്വേഷണത്തിൽ മേക്കലന്തിട്ട് വില്ലേജിലെ കെ.മുരുകേശൻ (55) ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ, വന്യജീവി സംരക്ഷണ നിയമപ്രകാരം 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. സഞ്ചാരികൾ വനത്തെയും മൃഗങ്ങളെയും ബഹുമാനിക്കണമെന്നും ജി.കെ. മുരുകൻ പറഞ്ഞു. ഈ പ്രവൃത്തി അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയാവുകയായിരുന്നു. നിലവിൽ ഹൊഗനക്കലിനോട് ചേർന്നുള്ള വനമേഖലയിലാണ് ആനകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ ആനയുടെ നീക്കം ശ്രദ്ധയിൽപ്പെട്ടാൽ ലൈറ്റുകൾ അണച്ച് ആനകൾ വനമേഖലയിലേക്ക് ഇറങ്ങിയ ശേഷമേ നീങ്ങാവൂ. സാധാരണഗതിയിൽ ചെറിയ ഭീഷണിയാണ് ആനകളെ ഉത്തേജിപ്പിക്കുന്നതെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് വനം വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത്, ലംഘിക്കുന്നവരിൽ നിന്നും പിഴ ചുമത്താനും മറ്റ് നിയമ നടപടി സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം.
തമിഴ് നാട്ടിലെത്തിയാൽ കാട്ടാന കളോട് `കൗതുകം' കാണിക്കേണ്ട; വൻ തുക പിഴ ചുമത്താനൊരുങ്ങി സർക്കാർ
May 13, 2023
Tags