Type Here to Get Search Results !

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു



പാലക്കാട്: കീശയില്‍ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഇ-പേമെന്റ് സംവിധാനം വരാന്‍പോകുന്നു. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനാണ് സംവിധാനമൊരുക്കുന്നത്.

കൊച്ചിയിലെ ഐ.ടി. സ്റ്റാര്‍ട്ടപ്പായ 'ഗ്രാന്‍ഡ് ലേഡി'യുമായി കൈകോര്‍ത്താണ് ബസുകളില്‍ ഈ സംവിധാനമൊരുക്കുന്നത്. 'ജിഎല്‍ പോള്‍' എന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക.

ഇ-പേമെന്റ് സേവനങ്ങളില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള 'വേള്‍ഡ്ലൈന്‍' ആണ് ഈ സംരംഭത്തിന് സാങ്കേതികപിന്തുണ നല്‍കുന്നത്. ഇതിനായുള്ള ആപ്പിലൂടെയാണ് എ.ടി.എം., ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, യു.പി.ഐ. വഴി ടിക്കറ്റ് നിരക്ക് വാങ്ങുക.

ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ പറഞ്ഞു.

വൈഫൈ സംവിധാനമുള്ള കാര്‍ഡാണെങ്കില്‍ യന്ത്രത്തിനുമുകളില്‍ കാണിച്ചാല്‍ ടിക്കറ്റെടുക്കാനാവും. സമയനഷ്ടവുമില്ല. യന്ത്രം വഴി ടിക്കറ്റും യാത്രക്കാര്‍ക്ക് ലഭിക്കും. ഇതോടെ, പണം നല്‍കിയാല്‍ ടിക്കറ്റ് നല്‍കുന്നില്ലെന്ന പരാതിക്കു തടയിടാനുമാകും. ശനിയാഴ്ച രാവിലെ 11-ന് പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും. പാലക്കാട് ബസ് ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷനാവും. ആര്‍.ടി.ഒ.മാരായ ടി.എം. ജേഴ്സണ്‍, എം.കെ. ജയേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad