ലണ്ടന്‍ | ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 ന് തുടങ്ങും. പാരമ്പര്യവും പുതുമയും നിറയുന്ന
ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ചടങ്ങളില്‍ പങ്കെടുക്കാൻ എത്തും എന്നാണ് വിലയിരുത്തല്‍
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിൻപ്രകാരമാണ് മെയ് 6ന് കിരീട ധാരണ ചടങ്ങ് നടക്കുന്നത്. വെസ്റ്റ് മിൻസ്റ്റർ ആബെയിലാണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്.വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിന്‍റേത്.
ഓപ്പറേഷൻ ഗോൾഡൻ ഓർബ്
പരമ്പരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തെ ശ്രദ്ധേയമാക്കുന്നത്. ചടങ്ങുകൾക്ക് കാന്‍റ്ബറി ആർച്ച് ബിഷപ്പാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഔദ്യോഗികമായി അറിയപ്പെടുന്നത് ഓരോ കോഡ് ഉപയോഗിച്ചാണ്. പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങൾക്കും ഓരോ കോഡുകൾ ഉണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്നാണ് കിരീട ധാരണചടങ്ങിന്‍ നൽകിയിരിക്കുന്ന കോഡ്.
കിരീടധാരണം 70 വർഷത്തിന് ശേഷം
70 വർഷത്തിന് ശേഷമാണ് ഒരു കിരീടധാരണത്തിന് ബ്രിട്ടൺ സാക്ഷ്യം വഹിക്കുന്നത്. 1308 മുതൽ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിക്കും. ലണ്ടൻ സമയം രാവിലെ 11 മണിയോടെയാണ്, അതായത് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീടധാരണ ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ബെക്കിംങ്ഹാം കൊട്ടാരത്തിൽ നിന്ന് കിംങ്സ് പ്രൊസഷൻ എന്ന് വിളിക്കുന്ന ഘോഷയാത്ര ആരംഭിക്കും. ഈ ഘോഷയാത്രയിലാണ് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തുന്നത്. സൈനിക വേഷത്തിലാണ് ചാൾസ് ആബെയിലേക്ക് എത്തുന്നത്.
6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയിൽ പങ്കെടുക്കുക. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലണ്ടനിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാകും ഇത്. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാരന്പര്യത്തിലുള്ള സംഗീതമായിരിക്കും ഈ ചടങ്ങിന്‍റെ മറ്റൊരു പ്രത്യേകത. ചാൾസിന്‍റെ പിതാവായ അന്തരിച്ച ഫിലിപ്പ് രാജകുമാരന്‍റെ ഓർമ്മയ്ക്കായാണ് ഗ്രീക്ക് ഓർത്തഡോക്സ് സംഗീതം ചടങ്ങിന്‍റെ ഭാഗമാക്കുന്നത്.
പ്രവേശനം 2000 പേർക്ക് മാത്രം
1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിലേക്ക് 129 രാജ്യങ്ങളിൽ നിന്നായി 8000 പേരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ ചാൾസ് മൂന്നാമന്‍റെ കിരീടധാരണ ചടങ്ങിലേക്ക് 2000 പേർക്ക് മാത്രമാണ് പ്രവേശനം. 2000 അതിഥികൾക്കൊപ്പം തന്നെയാണ് ചാൾസിന്‍റെ ഇളയ മകൻ ഹാരിയും ചടങ്ങുകളിൽ പങ്കെടുക്കുക. എന്നാൽ ഹാരിയുടെ ഭാര്യ മേഗൻ ചടങ്ങിനെത്തില്ല. ഹാരിയുടെ രണ്ട് മക്കളെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്‍് ജോ ബൈഡൻ ചടങ്ങിന് എത്തില്ല, പക്ഷേ ബൈഡന്‍റെ ഭാര്യ ജിൽ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. ലോകമെങ്ങുമുള്ള വിവിധ രാജകുടുംബാംഗങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്‍റ് ജർമ്മൻ, ഇറ്റലി രാഷ്ട്രത്തലവന്മാർ, ചൈനീസ് വൈസ് പ്രസിഡന്‍റ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി, പാകിസ്ഥാൻ പ്രധാനമന്ത്രി എന്നിവരും ചടങ്ങിനെത്തും.