Type Here to Get Search Results !

വാട്ടർ മെട്രോ നല്ല തിരക്ക്, പക്ഷേ ബോട്ട് ഇല്ല; 9 ബോട്ട് സർവീസിനു ലഭിച്ചെങ്കിലും 4 എണ്ണം അറ്റകുറ്റപ്പണിക്കു കയറ്റി



 കൊച്ചി ∙ രാജ്യാന്തര നിലവാരത്തിലുള്ള ജലയാത്ര വാഗ്ദാനം ചെയ്യുന്ന വാട്ടർ മെട്രോയിൽ കയറാൻ തിരക്കുണ്ടെങ്കിലും അതനുസരിച്ചു ബോട്ട് ഓടിക്കാനാവാതെ വാട്ടർ മെട്രോ. 9 ബോട്ടുകൾ കൊച്ചി കപ്പൽശാല വാട്ടർ മെട്രോയ്ക്കു കൈമാറിയെന്നാണു വാട്ടർ മെട്രോയും കപ്പൽശാലയും പറയുന്നതെങ്കിലും 4 ബോട്ടുകൾ അറ്റകുറ്റപ്പണിക്കു കപ്പൽശാലയിലേക്കു തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം ഇന്നലെ തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്കനുസരിച്ചു ബോട്ട് ഓടിക്കാൻ കഴിയാത്തത് ഇതുമൂലമാണ്.


വാട്ടർ മെട്രോയുടെ 23 ബോട്ടുകൾ നിർമിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലയ്ക്കാണ്. മുഴുവൻ ബോട്ടുകളും നിർമിച്ചു നൽകേണ്ട സമയം കഴിഞ്ഞെങ്കിലും ഇതുവരെ ലഭിച്ചത് 9 എണ്ണം മാത്രം. കോവിഡ് കാല പ്രതിസന്ധിയാണു ബോട്ടുകളുടെ നിർമാണം വൈകാൻ കാരണമെന്നാണു വിശദീകരണം. വൈപ്പിൻ–ഹൈക്കോടതി റൂട്ടിൽ രാവിലെ 7 മുതൽ രാത്രി 8 വരെ 15 മിനിറ്റ് ഇടവിട്ടും വൈറ്റില– കാക്കനാട് റൂട്ടിൽ 45 മിനിറ്റ് ഇടവേളയിൽ പീക് അവേഴ്സിലും മാത്രമായിരുന്നു ബോട്ട് സർവീസ്.


വൈറ്റില– കാക്കനാട് റൂട്ടിൽ ഇന്നലെ മുതൽ സർവീസുകളുടെ എണ്ണം കൂട്ടി.രാത്രി 8 വരെ സർവീസ് ഉണ്ടെങ്കിലും ഹൈക്കോടതിയിൽനിന്നു വൈപ്പിനിലേക്ക് അവസാന ബോട്ടിൽ കയറാൻ പലപ്പോഴും 7.15 വരെയേ ടിക്കറ്റ് ലഭിക്കൂ. അവസാന ബോട്ടിനുള്ള 96 ടിക്കറ്റുകൾ നൽകിക്കഴിഞ്ഞാൽ കൗണ്ടർ അടയ്ക്കും. കൊച്ചി വൺ കാർഡുമായോ ക്യൂആർ ടിക്കറ്റുമായോ അതിനു ശേഷം വരുന്നവർക്കു യാത്രചെയ്യാനാവില്ല. അവർക്കു പണം തിരികെക്കിട്ടും.ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ വാട്ടർ മെട്രോയിൽ അരലക്ഷത്തിലേറെ ആളുകൾ യാത്ര ചെയ്തു. തിരക്കുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് അല്ലാതിരുന്നിട്ടും മെട്രോ അധികൃതരുടെ പ്രതീക്ഷകളെ വെല്ലുന്ന തിരക്കായിരുന്നു ഒരാഴ്ച._ ഇവരിൽ നാലിലൊന്നു പോലും സ്ഥിരം യാത്രക്കാരല്ലെങ്കിൽ പോലും വാട്ടർ മെട്രോ ആദ്യയാഴ്ചയിൽ ക്ലിക്കായി. യാത്ര ചെയ്തവർക്കെല്ലാം നല്ല അഭിപ്രായം മാത്രം. കഴിഞ്ഞ ഞായറാഴ്ചയാണു വാട്ടർ മെട്രോയിൽ ഏറ്റവും തിരക്കുണ്ടായത്. ആകെ യാത്രക്കാർ 11,556. മേയ് ദിനത്തിലും തിരക്കു കൂടി, 10,574. പിന്നീടുള്ള ദിവസങ്ങളിൽ തിരക്കിനു കുറവുണ്ടെങ്കിലും വൈകിട്ട് ടിക്കറ്റ് കൗണ്ടർ അടയ്ക്കേണ്ട സ്ഥിതിയാണ്. വൈപ്പിനിലേക്ക് 4 ബോട്ടും കാക്കനാടിന് 2 ബോട്ടുമാണ് ഇപ്പോൾ സർവീസ്. 3 ബോട്ട് റിസർവ് എന്നു വാട്ടർ മെട്രോ അധികൃതർ പറയുന്നെങ്കിലും ചെറിയ അറ്റകുറ്റപ്പണികളിലാണ്.


കൂടുതൽ സർവീസ് നടത്തും


വൈറ്റില– കാക്കനാട് റൂട്ടിൽ ബോട്ടുകളുടെ എണ്ണം വർധിപ്പിച്ചു കൂടുതൽ സർവീസ് നടത്താൻ വാട്ടർ മെട്രോ. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായിരുന്നു ഇതുവരെ സർവീസ്. ഇന്നു മുതൽ രാവിലെ 7.45 മുതൽ ഉച്ചക്ക് ഒരുമണിവരെ വൈറ്റിലയിൽ നിന്നു കാക്കനാടിന് 45 മിനിറ്റ് ഇടവേളയിൽ ബോട്ട് ഉണ്ടാവും. വൈകിട്ട് 3.15 മുതൽ 7 വരെയും ഇതേ ഇടവേളയിൽ കാക്കനാടിനു ബോട്ട് ഉണ്ട്. കാക്കനാട് നിന്നു വൈറ്റിലയ്ക്ക് ആദ്യ ബോട്ട് 8.25നു പുറപ്പെടും. ഉച്ചക്ക് 1.40 വരെ ബോട്ട് ഉണ്ടാവും. വൈകിട്ട് 3.55 മുതൽ 7.40 വരെ ബോട്ട് ഉണ്ടാവും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad