Type Here to Get Search Results !

സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവ്; രണ്ടാമത്തേത് പെൺകുട്ടിയെങ്കിൽ 6,000 രൂപ, പദ്ധതി കേരളത്തിലും നടപ്പാക്കും



തിരുവനന്തപുരം: പെൺകുട്ടികൾ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ നൽകുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.


11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാൻ പോകുന്നത്. കേരളത്തിൽ 2015-16 വർഷത്തെ സർവ്വേയിൽ 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്നായിരുന്നു. പുതിയ സർവ്വേ പ്രകാരം 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നായിരുന്നു കണക്ക്. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികളെന്നാണ് 2019-21ൽ നടത്തിയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. ഇതിൽ കാര്യമായ മാറ്റങ്ങൾ വരാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായത്.


കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ,സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻ കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ആനുകൂല്യം ആവശ്യമുള്ളവർക്ക് അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. http://pmmvy.nic.in എന്ന പോർട്ടൽ വഴിയാണ് അങ്കനവാടിയിലും രജിസ്റ്റർ ചെയ്യുക. അതിനാൽ പോർട്ടൽ തയ്യാറായതിനുശേഷമായിരിക്കും അങ്കനവാടി വഴിയുള്ള രജിസ്ട്രേഷൻ ആരംഭിക്കുകയെന്നാണ് സൂചന.


പദ്ധതി പ്രകാരം 2022 ഏപ്രിൽ മുതൽ ധന സഹായത്തിന് അർഹതയുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ജനിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് ധന സഹായത്തിനായി 2023 ജൂൺ 30വരെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ 2023 ജൂലൈ മുതൽ ധനസഹായം ലഭ്യമാക്കണമെങ്കിൽ രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുമ്പ് അങ്കനവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം. അതല്ലെങ്കിൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായുള്ള പോർട്ടൽ ഉടൻ സജ്ജമാകും. ആവശ്യമുള്ളവർ താമസസ്ഥലത്തിനടത്തുള്ള അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യണം. ആദ്യ പ്രസവത്തിൽ ആൺ-പെൺകുട്ടിയാണെങ്കിലും 5000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. പിന്നാലെയാണ് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയായാൽ 6000 രൂപ എന്ന പദ്ധതി നിലവിൽ വന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad