അന്തര്‍സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിലും കുറ്റകൃത്യ പശ്ചാത്തലം പരിശോധിക്കുന്നതിലും ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പരാജയം നിരന്തര അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റ കൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുമ്ബോഴും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടരുന്ന അനാസ്ഥ ജനജീവിതത്തിന് വെല്ലുവിളിയാവുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തൊഴില്‍ തേടിയെത്തുന്നത്. ഇങ്ങനെയെത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് കെട്ടിട ഉടമകളില്‍നിന്നുള്ളത്.
അന്തര്‍സംസ്ഥാന തൊഴിലാളികളാണെങ്കിലും മറ്റുള്ളവരാണെങ്കിലും വാടക മുറിയില്‍ താമസമാക്കുകയാണെങ്കില്‍ വീട്ടുവിലാസവും ബന്ധപ്പെട്ട രേഖകളും പകര്‍പ്പും തൊഴിലിനെത്തിച്ചെത്തിച്ചവരുടെ വിവരങ്ങളും കെട്ടിട ഉടമക്ക് സമര്‍പ്പിക്കണമെന്നും കെട്ടിട ഉടമ ഈ രേഖകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍ക്കും പൊലീസിനും കൈമാറണമെന്നുമാണ് വ്യവസ്ഥ. ഇത് പാടെ ലംഘിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാന വ്യാപകമായുള്ളത്.
ഒരാള്‍ക്ക് കഴിയാവുന്ന മുറിയില്‍ അഞ്ചുമുതല്‍ 18 വരെ പേരാണ് താമസിക്കുന്നത്. ഇവിടെത്തന്നെയാണ് ഭക്ഷണമൊരുക്കുന്നതും കിടന്നുറങ്ങുന്നതും. ശുചിമുറികള്‍ പോലുമില്ലാതെ ദുരിതജീവിതമാണ് തൊഴിലാളികള്‍ നയിക്കുന്നത്.ജനമൈത്രി പൊലീസ് സംവിധാനം കാര്യക്ഷമമായ വേളയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പൊലീസിനും കേന്ദ്ര-സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചുകള്‍ക്കും കൃത്യമായി ലഭ്യമായിരുന്നു.
എന്നാല്‍, സേനയിലെ അംഗബലക്കുറവിനെ തുടര്‍ന്ന് നിലവില്‍ ഒരു സ്‌റ്റേഷനില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ജനമൈത്രി പൊലീസിന്റെ ചുമതല. ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നിലവില്‍ വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫലപ്രദമാകാറില്ല. മിക്ക സ്‌റ്റേഷനുകളിലും ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം നാമമാത്രമാണ്.