Type Here to Get Search Results !

ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പര്‍ P 7; ലേലം കൊണ്ടത് 122.6 കോടി രൂപയ്ക്ക്



വാഹനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങളും കോടികളും പൊടിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍, ഒരു നമ്പറിനായി ആയിരങ്ങളും ലക്ഷങ്ങളും കോടികളും കടന്ന് 100 കോടി രൂപയ്ക്ക് മുകളില്‍ ചെലവാക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. എന്നാല്‍, ഇക്കാര്യവും സംഭവിച്ചിരിക്കുന്നു. ദുബായിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ 55 മില്ല്യണ്‍ ദിര്‍ഹത്തിനാണ് അതായത് ഏകദേശം 122.6 കോടി രൂപയ്ക്കാണ് ഇഷ്ടനമ്പര്‍ ലേലത്തില്‍ പിടിച്ചത്.

P 7 എന്ന നമ്പറാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും 122.6 കോടി രൂപ മൂല്യമുള്ളതുമായി വാഹന നമ്പര്‍. ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവാണ് 55 മില്ല്യണ്‍ ദിര്‍ഹം നല്‍കി പി 7 നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹനനമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷിയേറ്റീവ്‌സ്, എമിറേറ്റ്‌സ് ഓക്ഷന്‍, ആര്‍.ടി.എ., ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകളും 35 മൊബൈല്‍ ഫോണ്‍നമ്പറുകളും ലേലത്തില്‍ അവതരിപ്പിച്ചിരുന്നു. ജുമൈറ ബീച്ചിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് ലേലംസംഘടിപ്പിച്ചത്. ലേലം ആരംഭിച്ച് മിനിറ്റുകള്‍ക്കകമാണ് 1.5 കോടി ദിര്‍ഹത്തില്‍നിന്ന് പി 7 നമ്പര്‍ പ്ലേറ്റിന്റെ മൂല്യം 5.5 കോടി ദിര്‍ഹമായി ഉയര്‍ന്നത്.

122.6 കോടി രൂപ മുടക്കി വാഹനത്തിന് നമ്പര്‍ മേടിച്ചതിനെ സാധാരണ ഗതിയില്‍ ധൂര്‍ത്തായി വിലയിരുത്താറുണ്ട്. എന്നാല്‍, ഈ ലേലത്തിന്റെ കാര്യത്തില്‍ ഇത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായി വേണം കരുതാന്‍. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് വാഹനങ്ങളുടെ നമ്പറുകളും ഫോണ്‍ നമ്പറുകളും ലേലത്തില്‍ വെച്ചത്. മണിക്കൂറുകള്‍ കൊണ്ടുതന്നെ ലേലത്തിലൂടെ 9.792 കോടി ദിര്‍ഹം സമാഹരിച്ചു.

122.6 കോടിക്ക് നമ്പര്‍ വിറ്റതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ലേലംചെയ്ത ഗിന്നസ് റെക്കോഡില്‍ ആര്‍.ടി.എ. ഇടം പിടിച്ചു. പി 7 (5.5 കോടി ദിര്‍ഹം), എ.എ.19 (49 ലക്ഷം ദിര്‍ഹം), എ.എ. 22 (84 ലക്ഷം ദിര്‍ഹം), എ.എ. 80 (30 ലക്ഷം ദിര്‍ഹം), ഒ 71 (21.5 ലക്ഷം ദിര്‍ഹം) എക്‌സ് 36 (29.5 ലക്ഷം ദിര്‍ഹം), ഡബ്ല്യൂ 78 (20.9 ലക്ഷം ദിര്‍ഹം), എച്ച് 31 (25.5 ലക്ഷം ദിര്‍ഹം) ഇസഡ് 37 (2.8 ലക്ഷം ദിര്‍ഹം) എന്നിങ്ങനെയാണ് മറ്റ് നമ്പറുകള്‍ ലേലം കൊണ്ടത്. 14 പ്രത്യേക വാഹനനമ്പറുകളാണ് ആര്‍.ടി.എ. ലേലത്തില്‍ പ്രദര്‍ശിപ്പിച്ചത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad