മലപ്പുറം; ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയില്‍.
മലപ്പുറം ഏലംകുളത്താണ് സംഭവമുണ്ടായത്. പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഫഹ്‌നയുടെ വീട്ടിലെ കിടപ്പുമുറിയില്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണിതിരുകിയ നിലയിലും അവരെ കണ്ടെത്തിയത്. കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതു കണ്ട് ഫഹ്‌നയുടെ അമ്മ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണജോലിക്കാരനായ ഭര്‍ത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. മണ്ണാര്‍ക്കാട്ടെ സ്വന്തം വീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്.