കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഒന്നാംഘട്ട അനുമതി നല്‍കി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കുപകരം 17.263 ഹെക്ടര്‍ ഭൂമിയില്‍ മരം വെച്ചുപിടിപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വെച്ചുപിടിപ്പിക്കുന്ന മരങ്ങൾ റിസര്‍വ് വനമായി വിജ്ഞാപനം നടത്തി മന്ത്രാലയത്തെ അറിയിക്കുകയും വേണം. അഞ്ച് വര്‍ഷമാണ് നടപടി പൂര്‍ത്തിയാക്കാനുള്ള കാലാവധി.
മരം നടുന്നതിനായുള്ള ഭൂമി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനായി വയനാട് ജില്ലയിലെ 7.40 ഹെക്ടര്‍ സ്ഥലമാണ് ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനില്‍പെട്ട ചുള്ളിക്കാട്, കൊള്ളിവയല്‍, മണല്‍വയല്‍, മടപ്പറമ്പ് എന്നീ ഭാഗങ്ങളാണിവ. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ഏറ്റെടുത്ത ഭൂമികളാണിത്. പദ്ധതിക്കായി സംസ്ഥാനം സ്വന്തം നിലയില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. നാലു വില്ലേജുകള്‍ക്ക് പുറമേ കുറിച്ചിപട്ട തോക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങള്‍ വെട്ടിനീക്കിയാൽ 10. 6 ഹെക്ടര്‍ ഭൂമി ലഭിക്കും. ഈ സ്ഥലത്ത് മരം വെച്ചു പിടിപ്പിക്കാനാകുമെന്ന് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടെ സംസ്ഥാന ദേശീയ പാതയുമായി ബന്ധമില്ലാത്തതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതില്ല. പദ്ധതിക്കായി കിറ്റ്‌കോ നടത്തുന്ന പഠനം അടുത്ത ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.