ഹീറോ സൂപ്പർ കപ്പിൽ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ശ്രീനിധി ഡെക്കാനാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യൻ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്. ഉദ്ഘാടന മാച്ചിൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങിയ ബംഗളൂരു എഫ്.സിയെ സമനിലയിൽ തളച്ചാണ് ശ്രീനിധിയുടെ വരവ്. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 8.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗളുരു എഫ്.സി റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തുവിട്ടത്. ദിമിത്രോസും നിശു കുമാറും രാഹുലുമാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോർ ചെയ്തത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അങ്ങനെ വിജയത്തോടെ ടൂർണമെൻറ് തുടങ്ങി.മത്സരത്തിന്റെ 40-ാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ ഗോൾ വരുന്നത്. സൗരവിനെ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അനായാസമായി ഗോളാകുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ദിമിയാണ് കിക്കെടുത്തത്. നിസാരമായി പന്ത് ലക്ഷ്യത്തിലെത്തിച്ച ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിനായുള്ള പതിനൊന്നാം ഗോൾനേട്ടാണിത്.ആദ്യ പകുതിയിൽത്തന്നെ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. 54-ാം മിനുട്ടിൽ നിശു കുമാറിൻറെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ നേട്ടം രണ്ടായി ഉയർത്തി.തുടർന്ന് മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച പഞ്ചാബ് 73-ാം മിനുട്ടിൽ ആശ്വാസ ഗോൾ കണ്ടെത്തി. കൃഷ്ണയിലൂടെ ആണ് പഞ്ചാബ് എഫ്.സി ഒരു ഗോൾ മടക്കിയത്. പിന്നീട് സമനിലയ്ക്കായി പഞ്ചാബ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് മികച്ച കളി തന്നെ പുറത്തെടുത്ത് ഓരോ നീക്കങ്ങളും തടഞ്ഞു. ഒടുവിൽ അവസാന നിമിഷം രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയ ഗോളും നേടി.
ഛേത്രിപ്പടയെ സമനിലയിൽ തളച്ച ശ്രീനിധിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും
April 12, 2023
Tags