കൊച്ചി: ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്ബനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ കേരള ഹൈക്കോടതി.
എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു. പുല്‍മേടുകള്‍ കളഞ്ഞു യൂക്കാലിമരങ്ങള്‍ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്ബനെ കൊണ്ടുവിടേണ്ട കാടുകളില്‍ അഗസ്ത്യാര്‍ കൂടം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നമ്മള്‍ സ്വാര്‍ത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമര്‍ശിച്ചു.
അരിക്കൊമ്ബന്‍ വിഷയത്തില്‍ നെന്മാറ എംഎല്‍എ കെ ബാബുവിന്റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്ബനെ പിടിക്കാനുള്ള ട്രയല്‍ റണ്‍ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയില്‍ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎല്‍എയുടെ അഭിഭാഷകന്‍ പറഞ്ഞു. പറമ്ബിക്കുളത്തേക്ക് ആനയെ മാറ്റുമ്ബോള്‍ ടൈഗര്‍ റിസര്‍വിന്റെ പുറത്തുള്ളവര്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു.
ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്. പട്ടയം നല്‍കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേര്‍ന്നുള്ള എംഎല്‍എമാരും എംപിമാരും എന്തുകൊണ്ട് സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ ചോദ്യം ചെയ്യുന്നില്ല? വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, പി ഗോപിനാഥ് എന്നിവര്‍ പറഞ്ഞു.
എന്നാല്‍ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാല്‍ ആനകള്‍ ജനവാസ മേഖലയിലേക്ക് വരില്ല. റിപ്പോര്‍ട്ട് കോടതി പഠിച്ചതാണ്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകള്‍ അരിയും ചക്കയും കഴിക്കാന്‍ നാട്ടിലെത്തുന്നത്. പറമ്ബിക്കുളം കോടതി നിര്‍ദ്ദേശിച്ച സ്ഥലമല്ലെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു.
പല മേഖലകളിലായാണ് പറമ്ബിക്കുളത്ത് ജനവാസം എന്നത് കൊണ്ടാണ് പറമ്ബിക്കുളം നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പെരിയാര്‍ മേഖലയില്‍ ജനവാസം കൂട്ടമായാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുതുമലൈയിലേക്ക് കൊണ്ടുപോകട്ടെയെന്ന് നെന്മാറ എംഎല്‍എ നിര്‍ദ്ദേശിച്ചു. അപ്പോള്‍ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സര്‍ക്കാരിനോട് പറയൂവെന്നും കോടതിയോട് പറഞ്ഞു. ജനങ്ങളുടെ ഭയം മനസ്സിലാക്കുന്നുവെന്ന് നെന്മാറ എംഎല്‍എയോട് കോടതി പറഞ്ഞു. ഉള്‍ക്കാടുകളില്‍ ഭക്ഷണവും വെള്ളവും ഉണ്ടാകും. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടയെന്നും എന്നാല്‍ കൂട്ടിലടയ്കക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഒരാഴ്ചയക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ അല്ലേയെന്ന് കെ ബാബുവിനോട് കോടതി ചോദിച്ചു. എന്തുകൊണ്ട് സര്‍ക്കാരിനെ സമീപിക്കുന്നില്ല? സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തൂ. ഹര്‍ജി തള്ളേണ്ടി വരുമെന്നും കോടതി പറഞ്ഞു. അരിക്കൊമ്ബനെ കൊണ്ട് ഈ അടുത്തും ഉപദ്രവം ഉണ്ടായെന്ന് ശാന്തന്‍പാറ പഞ്ചായത്ത് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ശാന്തന്‍പാറ പഞ്ചായത്ത് കുറ്റപ്പെടുത്തി. കേസില്‍ വാദം തുടരുകയാണ്.