കോഴിക്കോട്∙ സൂപ്പർ കപ്പ് ഫുട്ബോളിലെ ആദ്യകളിയിൽ ആധികാരിക ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ടാമങ്കത്തിൽ അട്ടിമറിത്തോൽവി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരതത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ശ്രീനിധിയുടെ വിജയം. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളുടെയും പിറവി. 17–ാം മിനിറ്റിൽ റിൽവാൻ ഹസ്സനും 43–ാം മിനിറ്റിൽ ഡേവിഡ് കാസ്റ്റനഡേയുമാണ് ശ്രീനിധിക്കായി ഗോളുകൾ നേടിയത്.
ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ഏപ്രിൽ 16ന് ബെംഗളൂരു എഫ്സിയുമായി നടക്കുന്ന മത്സരം നിർണായകമായി. ഒരു സമനിലയും ഒരു വിജയവുമായി ശ്രീനിധി ഡെക്കാൻ എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ശ്രീനിധി ഡെക്കാൻ എഫ്സിക്ക് അടുത്ത മത്സരം റൗണ്ട് ഗ്ലാസ് പഞ്ചാബുമായാണ്.
ആദ്യ പകുതിയിൽ അപ്രതീക്ഷിതമായി രണ്ടു ഗോൾ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്‌സ് കളിയിലേക്കു തിരിച്ചു വരാൻ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമായി. 50–ാം മിനിറ്റിൽ വലത് വിങ്ങിൽനിന്ന് ആയുഷ് അധികാരി ബോക്സിനുള്ളിൽ ഒരുക്കിനൽകിയ അവസരം, ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ നിഷു കുമാർ പാഴാക്കി. ദിമിത്രിയോസ്, ജിയാന്നോ തുടങ്ങിയവരുടെ ഗോൾ ശ്രമങ്ങളും പാഴായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.