കായിക വകുപ്പ് മന്ത്രിയുടെ ശ്രമഫലമായി നാടിന് ലഭിക്കുന്ന സുവർണ്ണ നേട്ടങ്ങളിൽ ഇനി ഫ്ലോട്ടിംങ് ബ്രിഡ്ജും.
കേരളത്തിലെ മൂന്നാമത്തെ ഫ്ലോട്ടിംങ് ബ്രിഡ്ജാണ് താനൂർ തൂവൽ തീരത്തേത്. ഒട്ടുമ്പുറം തൂവൽ തീരം ബീച്ചിൽ എത്തിയാൽ തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് തുടക്കം കുറിക്കുന്നത്.
ഒട്ടുമ്പുറം ബീച്ചിൽ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ പാലം നിർമ്മിച്ച് നടത്തുന്നതിനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത് തൂവൽ തീരം അമ്യൂസ് മെൻറ് പ്രൈവറ്റ് ലിമിറ്റഡ്, താനൂർ ആണ്.
രാവിലെ 10 മുതൽ വൈകീട്ട് 6:45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.മലബാർ ലൈവ്.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 7000 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കും. ഫൈബർ HDPE വിദേശ നിർമിത പാലത്തിൽ ഇൻറർലോക്ക് മാതൃകയിൽ കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിക്കുന്നത്.
മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാനാകും.
അനുദിനം വളർച്ചയുടെ പടവുകൾ താണ്ടുന്ന താനൂർ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. സ്റ്റേഡിയങ്ങളും, അടിസ്ഥാന സൗകര്യങ്ങളും, ആതുരാലയങ്ങളുമടങ്ങുന്ന എണ്ണമറ്റ വികസനങ്ങൾക്കു പുറമേയാണ് വിനോദ/ സാഹസിക / ഉല്ലാസ മേഖലയിലും താനൂർ ചരിത്രനേട്ടങ്ങളിലേക്ക് കുതിക്കുന്നത്. നഷ്ടപ്പെട്ട പതിറ്റാണ്ടുകളുടെ പരിതാപകാലമല്ല, നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ താനൂർ.