സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം കേരളം 95.614 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ചൊവ്വാഴ്ച രാവിലെ 7 മുതൽ ഇന്നലെ രാവിലെ 7 വരെയുള്ള ഉപയോഗമാണിത്. 2022 ഏപ്രിൽ 28നു രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇന്നലെ മറികടന്നത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. ഉപയോഗം ക്രമാതീതമായി ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാകും. പീക് സമയത്ത് ഉപയോഗം കുറച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വരാൻ സാധ്യതയുണ്ട്..
ഇന്നലത്തെ ഉപയോഗിച്ച 95.614 ദശലക്ഷം യൂണിറ്റ് വൈദ്യുതിയിൽ ഇവിടെ ഉൽപാദിപ്പിച്ചത് 26.54 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് 66.62 ദശലക്ഷം യൂണിറ്റ് വാങ്ങി.
3 ദിവസമായി വൈദ്യുതി ഉപയോഗം കുതിച്ചുയരുകയായിരുന്നു. തിങ്കളാഴ്ച 82.30 ദശലക്ഷം യൂണിറ്റും ചൊവ്വാഴ്ച 90.61 ദശലക്ഷം യൂണിറ്റുമായിരുന്നു ഉപയോഗം.