കൊച്ചി: അതിവേഗ ട്രെയിൻ വന്ദേഭാരത് ഇന്ന് മുതൽ സർവീസ് തുടങ്ങും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് വന്ദേഭാരത് ഓടിതുടങ്ങും. എട്ട് മണിക്കൂർ അഞ്ച് മിനുട്ട് എടുത്ത് തിരുവനന്തപുരത്ത് എത്തും. കാസർകോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് ഈ ട്രെയിൻ നിമിത്തമാകുമെന്നാണ് പ്രതീക്ഷ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസർകോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. അതേസമയം കാസർകോട് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുളള ടിക്കറ്റുകൾ ലഭ്യമാണ്.
എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അതേസമയം കൊച്ചി വാട്ടർ മെട്രോയും ഇന്ന് സർവീസ് ആരംഭിക്കും. ഹൈക്കോടതി- വൈപ്പിൻ സർവീസ് ആണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ട് സർവീസ് ആരംഭിക്കും. ഓരോ 15 മിനുട്ടിലും ബോട്ട് സർവീസ് ഉണ്ടാകും.
20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. വൈറ്റില-കാക്കനാട് റൂട്ടിൽ ഏപ്രിൽ 17 ന് സർവീസ് ആരംഭിക്കും.പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ബോട്ട് സർവീസിൽ വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം എംഡി ലോക്‌നാഥ് ബെഹ്‌റയും യാത്രയിൽ പങ്കുചേരും. നഗരത്തോടു ചേർന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടലിലും കായലിലും ഒരേ പോലെ സുഗമമായ യാത്ര ഉറപ്പാക്കുന്ന പദ്ധതി പൂർണമായും പ്രവർത്തന ക്ഷമമാകുമ്പോൾ പ്രതിവർഷം 44000 ടൺ CO2 ഉദ്വമനം കുറയുമെന്നാണ് കരുതുന്നത്. പ്രതിദിനം 34000 യാത്രക്കാരെയാണ് വാട്ടർ മെട്രോയിൽ പ്രതീക്ഷിക്കുന്നത്.