Type Here to Get Search Results !

കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട്‌ ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്‌ അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി



കൊച്ചി > കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട്‌ ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്‌ അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി. താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭാസമാണിത്‌. ചുഴലി എതിർഘടികാര ദിശയിലാണെങ്കിൽ എതിർചുഴലി ഘടികാരദിശയിലാണ്‌ കറങ്ങുന്നത്‌. ഇതാകട്ടെ ചുഴലിയെക്കാൾ വലിയ വിസ്‌തൃതിയിലും. 

ഭൂമിയുടെ ഉപരിതലത്തിൽനിന്ന്‌ രണ്ടുമുതൽ മൂന്നു കിലോമീറ്റർവരെ ഉയരത്തിലാണ്‌ ഇത്‌ രൂപപ്പെട്ടിരിക്കുന്നത്‌.

എതിർചുഴലിയുടെ കറക്കത്തിന്റെ ഫലമായി വായു മുകളിൽനിന്ന്‌ താഴേക്ക്‌ വരും. ഭൗമോപരിതലത്തിലെ ചൂടുവായുവിനെ മുകളിലേക്ക്‌ പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്തും. മാത്രമല്ല, മുകളിൽനിന്നുള്ള എതിർചുഴലിയുടെ സമ്മർദത്തിന്റെ ഫലമായി ചൂട്‌ കൂടിയ വായു സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇക്കാരണങ്ങളാൽ താപനില ക്രമാതീതമായി ഉയരും.

നിലവിലെ സാഹചര്യമനുസരിച്ച്‌ എതിർചുഴലിയുടെ സ്വാധീനം ഒരാഴ്‌ചകൂടി നീളുമെന്ന്‌ കുസാറ്റ്‌ റഡാർ പഠനകേന്ദ്രം ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. എതിർചുഴലിമാത്രമല്ല, കടലിലെ ഉയർന്ന ചൂട്‌, വേനൽമഴയിലെ കുറവ്‌, കാലാവസ്ഥാവ്യതിയാനം എന്നിവയും കേരളത്തിൽ താപനില ഉയരാനിടയാക്കുന്ന ഘടകങ്ങളാണ്‌. ഇതിനുപുറമെ എൽനിനോ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടുമില്ല. നിലവിൽ ‘ന്യൂട്രൽ’ അവസ്ഥയിലാണ്‌ എൽനിനോ. ഇക്കുറി എൽനിനോ സാധ്യത 50 ശതമാനം കൂടുതലാണെന്നാണ്‌ ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണവിഭാഗത്തിന്റെ പ്രവചനം. എൽനിനോ പ്രതിഭാസമുണ്ടായാൽ സംസ്ഥാനത്ത്‌ മഴ കുറയും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad