ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിലേക്ക് നയിക്കുന്നത് നല്ലൊരു ഭാഗവും വ്യാജ പരാതികളെന്ന് ആക്ഷേപം. തെറ്റായ ഇടപാടായി പറയുന്ന തുക പലപ്പോഴും മരവിപ്പിക്കപ്പെട്ട അക്കൗണ്ടില്‍ വന്നിട്ടു തന്നെ ഉണ്ടാകില്ല. കേസ് ഒത്തു തീര്‍ക്കാന്‍ പണം ആവശ്യപ്പെടുന്നതിലാണ് മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ താല്പര്യമെന്നതും സംശയം ജനിപ്പിക്കുന്നു.
വടക്കന്‍ അമേരിക്ക കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്ന മലയാളിയുടെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെന്നാണ് ലഭിച്ച വിവരം. ബാങ്കില് നിന്ന് ലഭിച്ച നമ്പരില്‍ ഹിമാചല്‍ പ്രദേശ് സൈബര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ പണം നല്‍കിയാല്‍ പരാതി ഒത്തുതീര്‍ക്കാം എന്നായിരുന്നു മറുപടി.
അക്കൗണ്ടില്‍ പണമുള്ളയാളാണെന്ന് കണ്ടതോടെ തുകയും വര്‍ധിച്ചു. ഈ ചര്‍ച്ചക്കിടെ യഥാര്‍ഥ പരാതിയുടെ പകര്‍പ്പെടുത്ത് പരിശോധിച്ചു. അങ്ങനെയൊരു തുക തന്നെ അക്കൗണ്ടില് വന്നിട്ടില്ല. ഒരു സൈബര്‍ പരാതി രജിസ്റ്റര്‍ ചെയ്താല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാമെന്നും അങ്ങനെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ ഒത്തുതീര്‍പ്പിനെത്തുമെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ടെന്ന് വ്യക്തം. ഇതില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയും ഈ സംഭവം നല്കുന്നുണ്ട്.
ബാങ്ക് മരവിപ്പിക്കല്‍ മാറ്റാന്‍ മറ്റു സംസ്ഥാനങ്ങിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന സംഭവങ്ങളും വ്യാപകമാണ്. രസീതോ മറ്റു നിയമപരമായ നടപടികളോ ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം സ്വീകരിക്കുന്നത്.
35000 രൂപയുടെ ഇടപാടിനെ ചൊല്ലി സുഹൃത്തിന്റെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടത് സംബന്ധിച്ച അന്വേഷണമാണ് നരിക്കുനി സ്വദേശി അസ്ഹറിനെയും കൂട്ടുകാരനെയും ജയ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നത്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അക്കൗണ്ട് ഫ്രീസ് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം ചോദിച്ചത് 25000 രൂപ. വിലപേശലിനൊടുവില്‍ 15000 രൂപയാക്കി. പണമായി തന്നെ ഉദ്യോഗസ്ഥര്‍ തുക കൈപ്പറ്റുകയും ചെയ്തു.
പണം വാങ്ങി പോക്കറ്റില്‍ വെച്ചുകൊണ്ടുപോയതിന് പിന്നാലെ അക്കൗണ്ട് മരവിപ്പിക്കല്‍ മാറ്റാന്‍ ബാങ്കിന് ഉദ്യോഗസ്ഥന്‍ മെയിലയച്ചു. വിവിധ കച്ചവടങ്ങളില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക് അക്കൗണ്ട് ഫ്രീസ് മാറ്റല്‍ അടിന്തര ആവശ്യമായതിനാല്‍ പലരും ഇതുപോലെ പണം നല്കിയിട്ടുണെന്നാണ് വിവരം.