ന്യൂഡൽഹി: 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ പറയുന്ന സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാൻ റഷ്യൻ കമ്പനിയെത്തുന്നു. 120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവക്കായി റഷ്യ കേന്ദ്രീകരിച്ചുള്ള ട്രാൻസ്മാഷ്‌ഹോൾഡിംഗിന്(ടി.എം.എച്ച്) കരാർ ലഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജൂൺ ഒന്നിന് ഇന്ത്യൻ റെയിൽവേയും ടി.എം.എച്ചും ഇതിനായി കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രെയിനുകൾ നിർമിച്ചുനൽകാൻ 1.8 ബില്യൺ ഡോളറാണ് ഇന്ത്യൻ റെയിൽവേ നൽകുക. 35 വർഷത്തെ അറ്റകുറ്റപ്പണിക്കായി 2.5 ബില്യൺ ഡോളറും നൽകും. ഇങ്ങനെ ആകെ 3.5 ബില്യൺ ഡോളറിന്റെ കരാറാണ് വന്ദേഭാരതിനായുണ്ടാകുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.'തീരുമാനം സ്വീകരിക്കപ്പെട്ടുവെങ്കിലും രേഖകളിൽ ഒപ്പുവെച്ചിട്ടില്ല. മാർച്ച് 29ന് ശേഷം 45 ദിവസത്തിനകം (കരാർ ഒപ്പിടും)' ടിഎംഎച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിരിൽ ലിപ പറഞ്ഞു. ഇന്ത്യയിലെ കൺസ്ട്രക്ഷൻ -എൻജിനിയറിംഗ് കമ്പനിയായ ആർ.വി.എൻ.എല്ലുമായി ചേർന്നാണ് റഷ്യൻ കമ്പനി ടെണ്ടറിൽ പങ്കെടുത്തത്. അൽസ്‌റ്റോം, സ്റ്റാഡ്‌ലെർ, സിയെമെൻസ് എന്നീ കമ്പനികളെയും ടിറ്റാഗഢ്, ഭാരത് ഹെഡി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെൽ) എന്നിവ നയിച്ച പ്രാദേശിക നിർമാതാക്കളുടെ കൺസോർഷ്യത്തെയും തോൽപ്പിച്ചാണ് റഷ്യൻ കമ്പനി കരാർ നേടിയത്.ലാത്തൂരിലെ മറാത്‌വാഡ റെയിൽ കോച്ച് ഫാക്ടറിയിലാണ് 16 കാർ വീതം വരുന്ന 120 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുക. 2026-2030 കാലയളവിലായാണ് ഈ ട്രെയിനുകൾ കൈമാറുക. എന്നാൽ രണ്ട് പരീക്ഷ മോഡലുകൾ 2025 ഓടെ തയ്യാറാകും. വന്ദേഭാരതിന്റെ ആദ്യ ടെയിൻ ചെന്നൈ ഇൻറിഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിച്ചത്. ന്യൂഡൽഹിക്കും വാരണാസിക്കുമിടയിൽ 2019ലായിരുന്നു പരീക്ഷണ ഓട്ടം.റെയിൽവേ പറയുന്നതനുസരിച്ച്, 400 വന്ദേഭാരത് ട്രെയിനുകളാണ് നിർമിക്കാനിരിക്കുന്നത്. വിവിധ ടെണ്ടറുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന സാങ്കേതിക കമ്പനികളുടെ സഹായത്തോടെ ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂണിറ്റുകളിൽ ഇവ നിർമിക്കുമെന്നുമാണ് റെയിൽവേ മന്ത്രി ഈ വർഷം മാർച്ചിൽ പറഞ്ഞത്. നിർമാണവും അറ്റകുറ്റപ്പെണിയുമടങ്ങുന്ന ടെണ്ടറുകൾ ഇതിനകം തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ 67 ട്രെയിനുകളോ അല്ലെങ്കിൽ 1072 കോച്ചുകളോ നിർമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട 36 റേക്കുകളിൽ എട്ടെണ്ണം മാത്രം ഉത്പാദിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ സംശയം ഉന്നയിച്ചത്. നിലവിൽ രാജ്യത്തെ വിവിധ നഗരങ്ങളെ 14 വന്ദേഭാരത് എക്‌സ്പ്രസുകളാണ് ബന്ധിപ്പിക്കുന്നത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം-കണ്ണൂർ വന്ദേഭാരത് ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.
120 വന്ദേഭാരത് ട്രെയിൻ നിർമിക്കാൻ റഷ്യൻ കമ്പനി; 6.5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കുന്നു
April 18, 2023
0
Tags