ഷൊർണൂർ: വന്ദേഭാരത് ട്രെയിനിന് ഷൊർണൂരും ചെങ്ങന്നൂരും സ്റ്റോപ് അനുവദിച്ചേക്കും. എംപിമാരായ കൊടിക്കുന്നിൽ സുരേഷും വി.കെ.ശ്രീകണ്ഠനും സമ്മർദം ശക്തമാക്കിയപ്പോൾ, റെയിൽവേയിലെ സാങ്കേതിക വിഭാഗവും രണ്ട് സ്റ്റോപ്പുകൾക്കും അനുകൂലമാണെന്നാണ് സൂചനകൾ.ഇതിനിടെ, വന്ദേഭാരത് ട്രെയിൻ കാസർകോട് വരെ നീട്ടാനുള്ള സാഹചര്യം കൂടുതൽ ഉറപ്പിച്ച് ഇന്നലെ കണ്ണൂർ മുതൽ കാസർകോട് വരെ സാധ്യതാപഠനം നടത്തി.
ചെങ്ങന്നൂർ, ഷൊർണൂർ സ്റ്റേഷനുകളിൽ രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിക്കുന്നതു ട്രെയിനിന്റെ ആകെ യാത്രാവേഗത്തെ കാര്യമായി ബാധിക്കില്ലെന്നാണു റിപ്പോർട്ട്. ശബരിമല തീർഥാടകർക്കു സൗകര്യപ്രദമായ സ്റ്റേഷൻ എന്ന നിലയിലാണ് ചെങ്ങന്നൂരിനെ പരിഗണിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ റെയിൽവേ ജംക്‌ഷൻ എന്ന നിലയിൽ ഷൊർണൂർ പരിഗണിക്കപ്പെടുന്നു. അതേസമയം ഷൊർണൂരിന്റെ കാര്യത്തിൽ പ്രതിദിന ടിക്കറ്റ് വിൽപനയിലൂടെ 25,000 രൂപ സമാഹരിക്കാനകില്ലെന്ന റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്.
ട്രെയിൻ തിരുവനന്തപുരം ഡിവിഷനിൽ നിന്നു പാലക്കാട് ഡിവിഷനിലേക്കു പ്രവേശിക്കുന്ന അതിർത്തിയായ പൈങ്കുളം ഗേറ്റ് മുതൽ ഷൊർണൂരിനു സമീപത്തെ കാരക്കാട് റെയിൽവേ സ്റ്റേഷൻ വരെ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 15 കിലോ മീറ്റർ വേഗത്തിലാണ് കടന്നുപോയത്.
ഷൊർണൂരിനു സമീപം 1.5 കിലോമീറ്റർ പാത ഇരട്ടിപ്പിക്കാത്തതിന്റെ സാങ്കേതിക പ്രശ്നവും വേഗക്കുറവിനു കാരണമാകുന്നു. ഷൊർണൂർ ജംക്‌ഷൻ സ്റ്റേഷൻ റീ മോഡലിങ് എന്ന പദ്ധതിയിലൂടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടന്നില്ല. വേഗക്കുറവ് സാങ്കേതിക കാര്യങ്ങൾ കൊണ്ടാണെന്നിരിക്കേ സ്റ്റോപ് നിഷേധിക്കരുതെന്ന ആവശ്യം ശക്തമാണ്